റാന്നിയില്‍ ദളിത് കുടുംബങ്ങളെ വീട് വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി; വഴി കെട്ടിയടച്ചു

By Web TeamFirst Published Nov 14, 2021, 9:48 AM IST
Highlights

റാന്നിയിലെ മക്കപ്പുഴയിലാണ് വീടില്ലാത്ത എട്ട് ദളിത് കുടുംബങ്ങൾക്ക് വി ടി വർഗീസ് ബേബി മൂന്ന് സെൻ്റ് വീതം സ്ഥലം നൽകിയത്. വിവിധ ഇടങ്ങളിൽ നിന്നുള്ള ആളുകൾ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് തർക്കങ്ങൾ തുടങ്ങിയത്. 

പത്തനംതിട്ട: റാന്നിയിൽ എട്ട് ദളിത് കുടുംബങ്ങളെ (dalit family) നാട്ടുകാർ വീട് വയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. പട്ടികവർഗ കുടുംബങ്ങൾക്ക് പ്രവാസി മലയാളി വി ടി വര്‍ഗീസ് ബേബി സൗജന്യമായി നൽകിയ ഭൂമിയിലേക്കുള്ള വഴി പ്രദേശവാസികൾ കെട്ടിയടച്ചു. റാന്നിയിലെ മക്കപ്പുഴയിലാണ് വീടില്ലാത്ത എട്ട് ദളിത് കുടുംബങ്ങൾക്ക് വി ടി വർഗീസ് ബേബി മൂന്ന് സെൻ്റ് വീതം സ്ഥലം നൽകിയത്. വിവിധ ഇടങ്ങളിൽ നിന്നുള്ള ആളുകൾ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് തർക്കങ്ങൾ തുടങ്ങിയത്. 

പ്രദേശവാസികളായ ചിലർ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തില്‍ അധിക്ഷേപിച്ചെന്നാണ് ആരോപണം. എട്ട്  പട്ടികവർഗ കുടുംബങ്ങള്‍ വന്നാല്‍ സ്ഥലം കോളനിയാകുമെന്നും താന്‍ പഞ്ചായത്ത് മെമ്പറാണേല്‍ ഇത് സമ്മതിക്കില്ലെന്നും മെബര്‍ പറഞ്ഞതായി പരാതിക്കാരിലൊരാളായ അന്നമ്മ ജോസഫ് പറഞ്ഞു. വർഗീസ് നൽകിയ ഭൂമിയോട് ചേർന്ന് പഞ്ചായത്ത് കിണറ്റിലേക്കുള്ള നടവഴിയുണ്ട്. ദളിത് കുടുംബങ്ങൾക്ക് ഭൂമി കിട്ടിയതിന് പിന്നാലെ ഈ വഴി ഗേറ്റ് വെച്ച് അടച്ചെന്നും  പരാതിയുണ്ട്.

എന്നാൽ തർക്കത്തിലുള്ളത് പൊതുവഴി അല്ലെന്നും മനപ്പൂർവം വർഗീയത പരത്താനുള്ള നീക്കമാണെന്നുമാണ് ആരോപണ വിധേയരുടെ വിശദീകരണം. പലതവണ പഞ്ചായത്തിലും പൊലിസിലും പരാതി നൽകിയിട്ടും നടപടിയുണ്ടാവാതെ വന്നതോടെയാണ് സ്ഥലം നൽകിയ വർഗീസ് ബേബിയുടെ സഹായത്തോടെ പരാതിക്കാർ എസ്‍സി എസ്ടി കമ്മീഷനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർമാൻ സ്ഥലം സന്ദർശിച്ചു. എന്നാൽ ഭൂമി നൽകിയ വർഗീസ് ബേബി സ്വകാര്യ വഴി പൊതുവഴിയാണെന്ന് പറഞ്ഞ് ദളിത് കുടുംബങ്ങളെ തെറ്റിധരിപ്പിച്ചെന്നും വഴിയെ ചൊല്ലിയുള്ള തർക്ക് മാത്രമാണ് നിലനിൽക്കുന്നതെന്നുമാണ് ആരോപണ വിധേയരായ വീട്ടുകാർ പറയുന്നത്. 

click me!