
ചന്ദനക്കാമ്പാറ: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്‍റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍.
ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. ആനയെ കരയ്ക്ക് കയറ്റാന്‍ ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് ജീവനക്കാരും എത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് എതിര്‍പ്പുമായി നാട്ടുകാര്‍ എത്തിയത്. ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
കാട്ടാന ശല്യം ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇലക്ട്രിക്ക് ഫെന്‍സിംഗ്, കിടങ്ങുകള്‍ എന്നിവ നിര്‍മ്മിക്കുക. ഫെന്‍സിംഗ് സംരക്ഷിക്കാന്‍ ആളെ നിയമിക്കുക. കാട്ടാന ആക്രമണത്തില്‍ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം ഏഴ് ദിവസത്തിനകം വിതരണം ചെയ്യുക, ആനയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ഉണ്ടാവുന്ന നഷ്ടപരിഹാരത്തിനുള്ള ചെലവ് ഇന്ന് തന്നെ ചെക്ക് മുഖാന്തരം നല്‍കുക, രക്ഷപ്പെടുത്തിയ ആനയെ കര്‍ണാടക ഫോറസ്റ്റിലേക്ക് കയറ്റി വിടുക എന്നിവയാണ് നാട്ടുകാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍. സ്ഥലത്ത് ഇപ്പോള്‍ പൊലീസ്-ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam