ചെങ്ങോട്ടുമലയിലെ കരിങ്കൽ ഖനനം: സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ

By Web TeamFirst Published Jun 22, 2020, 8:52 AM IST
Highlights

ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതൽ ജില്ലാകളക്ടർ നിയോഗിച്ച വിദഗ്ദ സംഘം വരെ ഖനനം പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് വിപരീതമായി റിപ്പോർട്ട് നൽകിയത് ഭരണതലത്തില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുമുള്ള സമ്മർദ്ദവും ഇടപെടൽ കാരണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കോഴിക്കോട്: ചെങ്ങോട്ടുമലയിലെ കരിങ്കൽ ഖനന നീക്കത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി നാട്ടുകാർ. അനുമതിക്കുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് നാട്ടുകാരുടെ നീക്കം. പ്രദേശത്ത് പഠനം നടത്തിയ വിദഗ്ദ സമിതിയുടെ റിപ്പോർട്ടും ഖനനത്തിന് അനുകൂലമായതോടെ വലിയ ആശങ്കയിലാണ് ജനങ്ങൾ

കോട്ടൂർ ചെങ്ങോട്ടുമലയിലെ 135 ഏക്കറിൽ കരിങ്കൽ ഖനന അനുമതിക്കായി ഏറെ നാളായി നീക്കം നടത്തുകയാണ് ഡെൽറ്റ ഗ്രൂപ്പ് കമ്പനി. ഇതിനെതിരെ നാട്ടുകാർ സമരത്തിലുമാണ്. ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി തേടി സ്റ്റേറ്റ് എൻവയോൺമെന്‍റൽ അപ്രൈസൽ കമ്മിറ്റിക്ക് ഡെൽറ്റ കമ്പനി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് രണ്ടംഗ കമ്മറ്റി ചെങ്ങോടുമലയിലെത്തി പഠനം നടത്തിയിരുന്നു. ഇവിടെ നീർച്ചാലുകളില്ലെന്നും, ജൈവവൈവിധ്യമില്ലെന്നുമാണ് കമ്മറ്റിയുടെ കണ്ടെത്തൽ. 

കൂടാതെ മുന്നൂറ് മീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്നും കമ്മറ്റി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഖനനാനുമതി നൽകാമെന്ന് കമ്മറ്റി വിലയിരുത്തി. ഇതിന് പിന്നാലെയാണ് നിലവിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനുള്ള നാട്ടുകാരുടെ തീരുമാനം. ആദ്യ പടിയായി പതിനായിരം നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് അയച്ചു. സമിതി റിപ്പോർട്ട് സ്റ്റേറ്റ് എൻവയോൺമെന്‍റൽ അപ്രൈസൽ കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയാലുടൻ അനിശ്ചിതകാല സമരം തുടങ്ങാനാണ് നാട്ടുകാരുടെ നീക്കം.

നേരത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതൽ ജില്ലാകളക്ടർ നിയോഗിച്ച വിദഗ്ദ സംഘം വരെ ഖനനം പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് വിപരീതമായി റിപ്പോർട്ട് നൽകിയത് ഭരണതലത്തില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുമുള്ള സമ്മർദ്ദവും ഇടപെടൽ കാരണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

click me!