ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതൽ വിട്ടുനൽകും; പിഴ മാത്രമാക്കുന്നത് ആലോചനയിൽ

By Web TeamFirst Published Apr 10, 2020, 1:51 PM IST
Highlights

സ്റ്റേഷനിൽ വാഹനങ്ങൾ കൂടിയതോടെയാണ് പിഴ ഈടാക്കി വിട്ടുനൽകുന്ന കാര്യം പൊലീസ് ആലോചിക്കുന്നത്. എന്നാൽ, രണ്ടാമതും വാഹനം പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതൽ ഉടമകള്‍ക്ക് തിരികെ നൽകും. വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കി പിഴ മാത്രം ഈടാക്കുന്നതിനെ കുറിച്ച് ഡിജിപി നിയമോപദേശം തേടി.  വിലക്ക് ലംഘിച്ചതിന് 27,300 ലധികം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത്.

ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങളാണ് പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസും കേരള പൊലീസ് ആക്ടും പ്രകാരം പിടിച്ചെടുത്തത്. എന്നാൽ, സ്റ്റേഷനിൽ വാഹനങ്ങൾ കൂടിയതോടെ പിഴ ഈടാക്കി വാഹനം വിട്ടുനൽകുന്ന കാര്യം പൊലീസ് ആലോചിക്കുകയാണ്. 10000 രൂപ വരെ പരമാവധി പിഴ ഈടാക്കാം. എന്നാൽ, ഇതിന് ചില നിയമതടസങ്ങള്‍ പൊലീസിന് മുന്നിലുണ്ടായിരുന്നു. വാഹനങ്ങള്‍ കോടതിയിൽ നൽകി പിഴയടക്കണമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. ഇത് എങ്ങനെ മറിടക്കുമെന്നാണ് ഡിജിപി ഇപ്പോൾ നിയമോപദേശം തേടിയിരിക്കുന്നത്. 

ഓരോ ജില്ലകളിലും പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ തീരുമാനിക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ വാഹനങ്ങളുടെ പിഴ തീരുമാനിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും എന്നാണ് വിവരം. പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാൻ പാടില്ല. ഈ വാഹനം വീണ്ടും പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കാതെ പിഴ മാത്രം ഇടാക്കി വിട്ടയക്കുന്ന കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രിയാണ് ഡിജിപിക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശത്തിന് ശേഷം തിങ്കളാഴ്ചയോടെ തീരുമാനമുണ്ടാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

click me!