കാസർകോട് കൊവിഡിന് ​ഗുഡ് ബൈ പറഞ്ഞ് 15 പേർ, ആശ്വാസ ദിനം

Published : Apr 10, 2020, 12:41 PM ISTUpdated : Apr 10, 2020, 01:16 PM IST
കാസർകോട് കൊവിഡിന് ​ഗുഡ് ബൈ പറഞ്ഞ് 15 പേർ, ആശ്വാസ ദിനം

Synopsis

സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗിയായ കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. 

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് ജില്ലയ്ക്ക് ഇന്ന് ആശ്വാസ ദിനം. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗി ഉൾപ്പടെ 15 കാസർകോട് സ്വദേശികളാണ് രോ​ഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കൊവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് കൊവിഡ് ഭേദമായത്. ഇവർ വീടുകളിലേക്ക് മടങ്ങി.

കൊവിഡ് രണ്ടാം ഘട്ടത്തിൽ ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. ഇയാളിൽ നിന്ന് സമ്പർക്കത്തിലൂടെ പടർന്ന രണ്ട്  വയസുള്ള കുട്ടിയും ഗർഭിണിയും രോഗം ഭേദമായവരിലുണ്ട്. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി അടക്കം ഏഴുപേർക്ക് നേരത്തെ രോഗം ഭേദമായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വറന്റൈനിൽ തുടരണം. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രപേർക്ക് രോഗം ഭേദമാകുന്നത്. ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി. 

നിലവിൽ 138 പേരാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. കൂടെ കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പ്രതീക്ഷ നൽകുന്നു.

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍