ലോക്ക്ഡൗൺ;സംസ്ഥാനത്തെ പുസ്തകവിതരണ ശാലകൾക്ക്‌ പ്രവർത്തനാനുമതി; ഫ്രിഡ്ജ് റിപ്പയറിംഗ് സ്ഥാപനങ്ങൾക്കും ഇളവ്

By Web TeamFirst Published Apr 10, 2020, 11:33 PM IST
Highlights

പുസ്തകവിതരണ ശാലകൾക്ക്‌ ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തന സമയം.

തിരുവനന്തപുരം: ലോക്ക്ഡൗണിൽ പുസ്തകവിതരണ ശാലകൾക്ക്‌ ഇളവ് നൽകി സംസ്ഥാന സർക്കാർ. ഫ്രിഡ്ജ്, മിക്‌സി റിപ്പയറിംഗ് സ്ഥാപനങ്ങൾക്ക് ആഴ്ച്ചയിലൊരു ദിവസവും ഇളവ് നൽകിയിട്ടുണ്ട്.

പുസ്തകവിതരണ ശാലകൾക്ക്‌ ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തന സമയം. ഫ്രിഡ്ജ്, മിക്‌സി റിപ്പയറിംഗ് സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ദിവസങ്ങളിലാണ് പ്രവർത്തനാനുമതി. രാവിലെ  10 മുതൽ വൈകിട്ട് അഞ്ച് വരെ  പ്രവർത്തിക്കാനാണ് നിർദ്ദേശം.

ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട കൂടുതൽ കടകൾ തുറക്കാൻ ഇന്ന് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. എയർ കണ്ടീഷൻ, ഫാൻ തുടങ്ങിയവ വിൽക്കുന്ന കടകൾ, കണ്ണടകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

എയർ കണ്ടീഷൻ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ അഞ്ചു വരെ തുറക്കാനാണ് അനുവാദം. എന്നാൽ കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂ.

കണ്ണട കടകൾ തിങ്കളാഴ്ചകളിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്. കടകളിൽ രണ്ട് ജീവനക്കാരിൽ കൂടുതൽ പാടില്ല.

കളിമൺ തൊഴിലാളികൾക്ക് ഇപ്പോൾ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കാനുള്ള കാലമായതിനാൽ ജോലിക്കാരെ പരമാവധി കുറച്ച് ഇത് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്.

വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് വീടുകളിൽ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനും തെറുത്ത ബീഡികൾ ശേഖരിച്ച് പൊതുകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. അതേസമയം തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രേക്ക് ദി ചെയിൻ മാർഗനിർദ്ദേശങ്ങൾ പാലിക്കണം.

click me!