വടക്കൻ കേരളത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു രണ്ടുശതമാനത്തോളം പോളിങ്ങിന്‍റെ കുറവ്. വയനാട് ജില്ലയിലാണ് ഇക്കുറിയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്

കോഴിക്കോട്: വടക്കൻ കേരളത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു രണ്ടുശതമാനത്തോളം പോളിങ്ങിന്‍റെ കുറവ്. വയനാട് ജില്ലയിലാണ് ഇക്കുറിയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൊതുവേ എല്ലായിടത്തും സമാധാനപരമായിരുന്നു. വിവാദ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഒരുപോലെ ചർച്ചയായ വടക്കൻ കേരളത്തിൽ 2020 നേക്കാൾ പോളിംഗ് ശതമാനം ഉയർന്നേക്കാം എന്ന സൂചനകളായിരുന്നു ആദ്യ മണിക്കൂറുകളിൽ . ഒരു മണിയായപ്പോഴേക്കും പോളിംഗ് ശതമാനം ഒട്ടുമിക്ക ജില്ലകളിലും 50 പിന്നിട്ടു. എന്നാൽ പിന്നീട് പലയിടത്തും മന്ദഗതിയിലായി. ആറു മണിയോടെ തന്നെ ഭൂരിഭാഗം പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് പൂർത്തിയായി. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിലായി 1.16 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതോടെ പോളിംഗ് ശതമാനം 75.85. മുൻ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങിൽ രണ്ട് ശതമാനത്തിന്റെ കുറവ് വന്നു.

തൃശൂർ 72.26, പാലക്കാട് 76.09, മലപ്പുറം 77.24, കോഴിക്കോട് 76.95, വയനാട് 77.98, കണ്ണൂർ 76.4, കാസർക്കോട് 74.64, എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ് നില. ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന തെക്കൻ ജില്ലകളെ അപേക്ഷിച്ച് 30 ലക്ഷത്തോളം വോട്ടർമാർ വടക്ക് കൂടുതൽ ആയിരുന്നെങ്കിലും ഈ കണക്ക് പോളിംഗ് ശതമാനത്തിൽ കാര്യമായി പ്രതിഫലിച്ചില്ല. വലിയ സംഘര്‍ഷങ്ങളോ അക്രമസംഭവങ്ങളോ ഒരു ജില്ലകളിലും കാര്യമായി ഇക്കുറി റിപ്പോര്‍ട്ട് ചെയ്തില്ല. ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം ശബരിമലയും രാഹുല്‍ വിവാദവും യുഡിഎഫ്- ജമാ അത്തെ ഇസ്ലാമി കൂട്ടെകെട്ടന്ന ആരോപണവും സജീവ ചര്‍ച്ചകളായ തെരഞ്ഞെടുപ്പിനൊടുവില്‍ കൂട്ടിയും കിഴിച്ചും ആത്മവിശ്വാസത്തോടെ വോട്ടെണ്ണലിന് കാത്തിരിക്കുകയാണ് ഇനി മുന്നണികള്‍.

YouTube video player