പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ചെറിയ ഇളവ്, മാംസവിൽപ്പനശാലകൾ ബുധനാഴ്ച രാത്രി 10 വരെ തുറക്കാം

By Web TeamFirst Published May 11, 2021, 10:25 PM IST
Highlights

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു. 

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ചെറിയ ഇളവ് നൽകി സംസ്ഥാനസർക്കാർ. മാംസവിൽപ്പനശാലകൾക്ക് മാത്രം നാളെ രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകും. എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു. 

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ ദിനം നമസ്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം. അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം.  

വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. പക്ഷേ, ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം ഖാസിമാർ നൽകുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസ്സും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് പണ്ഡിതരുടെ ആഹ്വാനം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!