ലോക്ക്ഡൗൺ ഇനി ഞായർ മാത്രം, കടകൾ ആറ് ദിവസം തുറക്കാം, പ്രഖ്യാപനം ഇന്ന് സഭയിൽ

Published : Aug 04, 2021, 06:25 AM ISTUpdated : Aug 04, 2021, 09:09 AM IST
ലോക്ക്ഡൗൺ ഇനി ഞായർ മാത്രം, കടകൾ ആറ് ദിവസം തുറക്കാം, പ്രഖ്യാപനം ഇന്ന് സഭയിൽ

Synopsis

ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗൺ. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കും. വിവരങ്ങളിങ്ങനെ.. 

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രീതിയാണ് മാറുന്നത്.

ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവർ എല്ലാവരും പിന്മാറുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും.

പുതിയ മാറ്റങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു. 

ലോക്ക്ഡൗൺ എങ്ങനെ മാറും?

ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗൺ. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനും, കടകൾ ബാക്കി എല്ലാ ദിവസവും തുറക്കാനും തീരുമാനമായി. കടകൾ 9 മണി വരെ തുറക്കും. അന്തിമ തീരുമാനം ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കും.

ഇതോടെ, വൻ വിമർശനമേറ്റു വാങ്ങിയ, ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതി മാറുകയാണ്. ഒരു തദ്ദേശ  വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. നിയന്ത്രണം മൈക്രോകണ്ടെയിന്മെന്റ് രീതിയിലേക്ക് മാറുന്നു. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന.    

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കി. ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല. 

രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിലവിൽ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാനത്ത് നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്സിനെടുത്തവർക്കായിരിക്കും മുൻഗണന.

മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരും. വ്യാപാരികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും മുകളിലെ ഭാരം നീങ്ങുന്നത് കൂടിയാണ് പുതിയ രീതി.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 23,676 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 11.87 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര