
തിരുവനന്തപുരം: കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ കീറാമുട്ടിയായതോടെ കെ സുധാകരന്‍ വീണ്ടും മത്സരിക്കട്ടെയെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ സജീവമായി. അര ഡസനോളം പേര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച സുധാകരനിലേക്ക് മടങ്ങുന്നത്. ആലപ്പുഴയില്‍ സമുദായക്കോളം പൂരിപ്പിക്കാന്‍ നില്‍ക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി.
കെ സുധാകരന്‍ മാറുന്നു, പകരം സുധാകരന്‍ നിര്‍ദേശിക്കുന്ന കെ ജയന്ത് സ്ഥാനാര്‍ത്ഥിയാകുന്നു. മനക്കണക്ക് എളുപ്പമായിരുന്നു. പക്ഷേ കളത്തിലേക്ക് വന്നതോടെ കളിമാറി. കെ സി വേണുഗോപാല്‍ ഗ്രൂപ്പുകാരനായ പിഎം നിയാസ്, രമേശ് ചെന്നിത്തല പക്ഷത്തുനിന്ന് അബ്ദുള്‍ റഷീദ്, ദേശീയ തലത്തില്‍ നിന്ന് ഷമ മുഹമ്മദ്, പൊതുസമ്മതി തേടി മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലി, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി മുന്‍മേയര്‍ ടിഒ മോഹനന്‍ വരെ ഉള്ളവരുടെ നീണ്ടനിരയാണ് സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശ പട്ടികയിലുള്ളത്.
കണ്ണൂരില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന് ശഠിക്കുന്നതിന്‍റെയും അതല്ല, മുസ്ലിം സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ബന്ധമെന്ന് പറയുന്നവരുടെയും ലക്ഷ്യം ഒന്ന് തന്നെയാണ്. അതിന്‍റെ പേരില്‍ എതിരാളികളില്‍ പകുതിയിലേറെപ്പേരെ ആദ്യമേ വെട്ടാം. ജയസാധ്യത അപ്പോഴും രണ്ടാമത്തെ കാര്യം മാത്രം. കനപ്പെട്ട എതിരാളിയെത്തും കണ്ണൂരില്‍ എന്ന സൂചനയാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. സുധാകരനല്ലാതെ മറ്റൊരാള്‍ക്ക് ജയിച്ചുകയറുക എളുപ്പമല്ലെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. ലോക്സഭാംഗത്വം ഇല്ലാതാകുന്നതോടെ കെപിസിസി പ്രസിഡന്‍റിനെതിരായ നിലവിലെ രാഷ്ട്രീയ പ്രേരിതമായ കേസുകളിലെല്ലാം പ്രിവിലേജ് നഷ്ടമാകും എന്ന് മുന്നില്‍ കാണുന്നവരുമുണ്ട്. ഈ കാരണങ്ങളാലാണ് കെ സുധാകരന്‍ തന്നെ തുടരട്ടെയെന്ന വാദം ശക്തമാകുന്നത്.
അങ്ങനെ വന്നാല്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ആലപ്പുഴയിലും കാര്യം എളുപ്പമാകും. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കി സീറ്റ് പിടിക്കാമെന്നാണ് ആത്മവിശ്വാസം. മുന്നണിയില്‍ രണ്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളതിനാല്‍ സാമുദായിക സന്തുലനമുണ്ടാകുമെന്നും നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam