
വയനാട്: വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ ഗാന്ധി. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു.
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവാണ് ഇന്നത്തേത്. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ, വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.
കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിൻ്റെ പതാകയും കോൺഗ്രസിൻ്റെ പതാകയും ഒഴിവാക്കിയാണ് പ്രവർത്തകർ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്. ആവശ്യം ചേരാതെ ആയിരങ്ങൾ ഒരു മണിക്കൂറോളം റോഡ് ഷോയെ അനുഗമിച്ചു. റോഡ് ഷോപ്പ് പൂർത്തിയാക്കി രാഹുൽ തുറന്ന വാഹനത്തിലിരുന്ന് പ്രവർത്തകരോട് സംസാരിച്ചു. രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവർത്തകരെ കുടുംബാംഗങ്ങൾ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
പിന്നീട് കളക്ടറയിലെത്തി രാഹുൽ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധിയും കൂടെയുണ്ടായിരുന്നു. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തിൽ രാഹുൽ സജീവമാകും. അതേസമയം, ഇടത് സ്ഥാനാർത്ഥി ആനി രാജയും നാമനിർദേശ പത്രിക സമര്‍പ്പിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും റോഡ് ഷോയായാണ് പത്രിക നൽകാൻ ആനി രാജ കളക്ടറേറ്റിലെത്തിയത്. മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, സന്തോഷ് കുമാർ എം പി, കെ കെ ഹംസ, കെ ജെ ദേവസ്യ എന്നീ നേതാക്കളും ആനി രാജയ്‍ക്കൊപ്പമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam