Latest Videos

ഹെവി‌വെയ്റ്റ് പോരാട്ടങ്ങള്‍, കേരളത്തില്‍ ആറിടത്ത് തീപാറും; ദേശീയശ്രദ്ധയില്‍ ഈ മണ്ഡലങ്ങള്‍

By Web TeamFirst Published Apr 17, 2024, 9:42 AM IST
Highlights

സ്ഥാനാര്‍ഥികളുടെ പേരുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടം പല സീറ്റുകളിലും നടക്കുന്നുണ്ട്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ആവേശപ്പോരാട്ടമാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും നടക്കുന്നത്. പരമ്പരാഗത സീറ്റുകളുടെയും 2019ലെ മൃഗീയ ഭൂരിപക്ഷത്തിന്‍റേയും മേല്‍ക്കേ പല മണ്ഡലങ്ങളിലും യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ എന്നീ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ഥികളുടെ പേരുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വാശിയേറിയ ഹെവി‌വെയ്റ്റ് പോരാട്ടം പല സീറ്റുകളിലും നടക്കുന്നുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം. 

തിരുവനന്തപുരം

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് തിരുവനന്തപുരമാണ്. മൂന്ന് വട്ടം എംപിയായ ഡോ. ശശി തരൂരിനെയാണ് കോണ്‍ഗ്രസും യുഡിഎഫും മണ്ഡലം നിലനിര്‍ത്താന്‍ കളത്തിലിറക്കിയിരിക്കുന്നത്. എന്‍ഡിഎയാവട്ടെ ബിജെപിയുടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തലസ്ഥാനത്ത് ഇറക്കിയാണ് പോരാട്ടം കടുപ്പിച്ചത്. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. 2005ലും 2009ലും തിരുവനന്തപുരത്ത് നിന്ന് ജയിച്ച് പന്ന്യന്‍ പാര്‍ലമെന്‍റില്‍ എത്തിയിരുന്നു. 

പത്തനംതിട്ട

മുതിര്‍ന്ന സിപിഎം നേതാവും കേരള മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കാണ് പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി താരങ്ങളിലൊരാള്‍. കിഫ്‌ബി മസാല ബോണ്ട് കേസില്‍ ഇഡിയുമായുള്ള നേര്‍ക്കുനേര്‍ പോരിനിടെയാണ് ഐസക് മത്സരിക്കുന്നത്. എന്നാല്‍ മൂന്ന് വട്ടം എംപിയായ ആന്‍റോ ആന്‍റണിയിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്, യുഡിഎഫ് ക്യാംപ്. കോണ്‍ഗ്രസിന്‍റെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളിലൊരാളും കേരള മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണിയാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥി. 

തൃശൂര്‍

കേരളത്തില്‍ അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. കോണ്‍ഗ്രസിനായി മുന്‍ കെപിസിസി പ്രസിഡന്‍റ് കെ മുരളീധരനും (യുഡിഎഫ്‌), സിപിഐക്കായി വി എസ് സുനില്‍ കുമാറും (എല്‍ഡിഎഫ്‌), ബിജെപിക്കായി നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുമാണ് (എന്‍ഡിഎ) തൃശൂരില്‍ ഏറ്റുമുട്ടുന്നത്. ആര് ജയിച്ചാലും തൃശൂരില്‍ മൃഗീയ ഭൂരിപക്ഷമുണ്ടാവില്ല എന്നാണ് വിലയിരുത്തലുകള്‍. അത്രത്തോളം വാശിയേറിയ പ്രചാരണമാണ് മൂന്ന് മുന്നണികളും തൃശൂരില്‍ കാഴ്‌ചവെക്കുന്നത്. മൂന്ന് മുന്നണികളും ഇതിനകം വിജയം ഇവിടെ സ്വയം അവകാശപ്പെട്ടുകഴിഞ്ഞു. 

വടകര

സംസ്ഥാനത്തെ മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടാണ് വടകര ലോക്‌സഭ മണ്ഡലം വലിയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചയാളാണ് ശൈലജ ടീച്ചര്‍. പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പിലാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതിനാല്‍ രണ്ട് എംഎല്‍എമാര്‍ മുഖാമുഖം വരുന്ന മത്സരമാണ് വടകരയില്‍ അരങ്ങേറുന്നത്. സിആര്‍ പ്രഫുല്‍ കൃഷ്‌ണയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി. 

വയനാട്

കോണ്‍ഗ്രസിന്‍റെ ദേശീയ മുഖമായ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് വീണ്ടുമൊരിക്കല്‍ കൂടി വയനാട് ലോക്‌സഭ മണ്ഡലം വലിയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സിപിഐയുടെ വനിതാ ശബ്ദം ആനി രാജയാണ് ഇവിടെ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി ഇരുവര്‍ക്കും എതിരാളിയായി നിര്‍ത്തിയിരിക്കുന്നത്. മൂന്ന് പ്രധാന നേതാക്കള്‍ തമ്മിലുള്ള പോരാട്ടം അതുകൊണ്ടുതന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ (4,31,770) രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കുന്നതാണ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കണ്ടത്. 

ആലപ്പുഴ 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് ആലപ്പുഴ മണ്ഡലം ദേശീയ ശ്രദ്ധയില്‍ എത്തിയത്. ആലപ്പുഴയില്‍ നിന്ന് മുമ്പ് രണ്ടുവട്ടം കെസി പാര്‍ലമെന്‍റില്‍ എത്തിയിട്ടുണ്ട്. 2019ല്‍ അത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ (10,474) വിജയിച്ച എ എം ആരിഫ് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2019ല്‍ സംസ്ഥാനത്ത് വിജയിച്ച ഏക സീറ്റ് എന്ന നിലയില്‍ സിപിഎമ്മിന്‍റെയും ഇടതുപക്ഷ മുന്നണിയുടെയും അഭിമാന പോരാട്ടമാണ് ആലപ്പുഴയില്‍ 2024ല്‍ നടക്കുന്നത്. ശോഭ സുരേന്ദ്രനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 

Read more: വയനാട് 'ദേശീയ' മത്സരം: രാഹുല്‍ ഗാന്ധി, ആനി രാജ, കെ സുരേന്ദ്രന്‍; മത്സരഫലം നാഷണല്‍ ബ്രേക്കിംഗ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!