വയനാട് 'ദേശീയ' മത്സരം: രാഹുല്‍ ഗാന്ധി, ആനി രാജ, കെ സുരേന്ദ്രന്‍; മത്സരഫലം നാഷണല്‍ ബ്രേക്കിംഗ്!
കഴിഞ്ഞ വട്ടം കോണ്‍ഗ്രസിന്‍റെ രാഹുല്‍ ഗാന്ധി മാത്രമായിരുന്നു എങ്കില്‍ ഇത്തവണ സിപിഐയുടെ ആനി രാജയും വയനാട്ടിലേക്ക് ചുരം കയറി എത്തി. സംസ്ഥാന ബിജെപിയുടെ മുഖമായ കെ സുരേന്ദ്രനും സ്ഥാനാര്‍ഥിയായതോടെ വയനാട് ലോക്‌സഭ മണ്ഡലത്തിലെ പോരാട്ടം കഴിഞ്ഞ തവണത്തേക്കാള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. എന്താകും ഇത്തവണ വയനാടിന്‍റെ ജനവിധി?
ദേശീയശ്രദ്ധയില്‍ വയനാട്
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദേശീയശ്രദ്ധയിലുള്ള മണ്ഡലമാണ് ഇത്തവണയും വയനാട്. രാഹുല്‍ ഗാന്ധി, ആനി രാജ, കെ സുരേന്ദ്രന്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം.
2019ല്‍ രാഹുല്‍ തരംഗം
2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
വീണ്ടും രാഹുല്‍?
ഇക്കുറിയും രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമായി വയനാട്ടില്‍ മത്സരിക്കുന്നത്. രാഹുലിന്‍റെ കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം കൂടുമോ കുറയുമോ?
ഇടതിലും ദേശീയ മുഖം
സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാർഥി. വയനാട്ടിലും കോഴിക്കോടും മലപ്പുറത്തുമായി പരന്നുകിടക്കുന്ന മണ്ഡലത്തില്‍ ആനി രാജ പ്രചാരണത്തില്‍ സജീവമാണ്.
ബിജെപിക്ക് സംസ്ഥാന അധ്യക്ഷന്‍
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതോടെ ബിജെപിക്കും വയനാട് അഭിമാന പോരാട്ടമായി മാറിക്കഴിഞ്ഞു. വോട്ട് ഷെയര്‍ ഉയര്‍ത്തുകയാണ് ആദ്യ വെല്ലുവിളി.
മൂന്ന് ജില്ലകളില്‍ പരന്ന്...
വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
വയനാട് ലോക്സഭ മണ്ഡലത്തില്‍ ആര് ജയിച്ചാലും തോറ്റാലും ആ സ്ഥാനാര്‍ഥികളുടെ പേര് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവും എന്ന പ്രത്യേകതയുണ്ട്.