Latest Videos

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുക വളരെ എളുപ്പം; ഇതാ വഴികള്‍

By Web TeamFirst Published Mar 21, 2024, 9:12 AM IST
Highlights

ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനായും അനായാസം വിവരങ്ങള്‍ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി സംസ്ഥാനത്ത് മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഒരു പൗരന്‍ വോട്ടിംഗ് പ്രക്രിയയുടെ ഭാഗമായി ആദ്യം ചെയ്യേണ്ടത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയാണ്. ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും അല്ലെങ്കില്‍ ഓണ്‍ലൈനായും അനായാസം വിവരങ്ങള്‍ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണ്. 

ആരൊക്കെ യോഗ്യര്‍

വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുകയാണ് എൻറോൾമെന്‍റ് പ്രക്രികയില്‍ പ്രവേശിക്കും മുമ്പ് ആദ്യം ചെയ്യേണ്ടത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ ഇന്ത്യന്‍ പൗരന്‍മാരും വോട്ടര്‍ പട്ടിക പുതുക്കിയ വര്‍ഷം ജനുവരി 1ന് 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും ആയിരിക്കണം എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം. നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാവില്ല. 

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രക്രിയ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ഇലക്ഷന്‍ കമ്മീഷന്‍ ലളിതമാക്കിയിട്ടുണ്ട്. നാഷണല്‍ വോട്ടേര്‍സ് സര്‍വീസ് പോര്‍ട്ടല്‍ (NVSP) വഴിയോ, വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് (Voter Helpline App) വഴിയോ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങാം.  

ഫോം സമര്‍പ്പിക്കല്‍

വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ പ്രവേശിച്ച ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോം 6 ഓണ്‍ലൈനായി തന്നെ പൂരിപ്പിക്കുകയാണ് ഇനി ആദ്യം ചെയ്യേണ്ടത്. പേര്, ജനന തിയതി, അഡ്രസ് എന്നിങ്ങനെയുള്ള വ്യക്തിവിവരങ്ങള്‍ ഫോം 6ല്‍ തെറ്റാതെ പൂരിപ്പിക്കണം. ഈ വിവരങ്ങള്‍ ശരിയാണ് എന്ന് തെളിയിക്കുന്ന രേഖ ഏതെങ്കിലും (ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ പുറത്തിറക്കുന്ന മറ്റ് ഐഡന്‍റിഫിക്കേഷന്‍ ഡോക്യുമെന്‍റുകള്‍) ഫോമിനൊപ്പം അപ്‌ലോഡ് ചെയ്യുകയും വേണം. 

ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍

ഓണ്‍ലൈനായി രജിസ്ട്രേഷന്‍ ചെയ്യുന്ന ഘട്ടത്തില്‍ അപ്‌ലോഡ് ചെയ്യുന്ന രേഖകളിലെ വിവരങ്ങള്‍ കൃത്യവും അപ്‌ഡേറ്റ് ചെയ്യപ്പെട്ടതുമായിരിക്കണം. ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ പുറത്തിറക്കുന്ന മറ്റ് ഐഡന്‍റിഫിക്കേഷന്‍ ഡോക്യുമെന്‍റുകള്‍ എന്നിവയാണ് സാധാരണയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി അംഗീകരിക്കപ്പെട്ട സാക്ഷ്യപത്രങ്ങള്‍ എന്ന് നേരത്തെ പറഞ്ഞുവല്ലോ. 

ഫീല്‍ഡ് വെരിഫിക്കേഷന്‍

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ നേരിട്ടെത്തി നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കുന്നതായിരിക്കും. രജിസ്ട്രേഷന്‍ ഘട്ടത്തില്‍ നല്‍കിയ അഡ്രസില്‍ വെരിഫിക്കേഷന്‍ സമയത്ത് നിങ്ങളുടെ സാന്നിധ്യമുണ്ടാവാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

അപ്‌ഡേറ്റുകള്‍ അറിയാന്‍ വഴി

NVSP Website, Voter Helpline App എന്നിവ വഴി നിങ്ങളുടെ അപേക്ഷ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് അംഗീകരിച്ചോ എന്നുമൊക്കെ ട്രാക്ക് ചെയ്യാവുന്നതാണ്. ഇലക്ഷന്‍ കമ്മീഷന്‍റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ വഴി വിവരങ്ങള്‍ അറിയാന്‍ സഹായം തേടുകയും ചെയ്യാം. 

എന്തെങ്കിലും തെറ്റ് കടന്നുകൂടിയാല്‍?

ഓണ്‍ലൈനായി നല്‍കിയ അപേക്ഷയിലെ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടുകയോ വിവരങ്ങള്‍ ഏതെങ്കിലും പുതുക്കണ്ട സാഹചര്യമോ വന്നാല്‍ തിരുത്തലിനായി ഫോം 8 ഉപയോഗിക്കേണ്ടതാണ്.  

ഓണ്‍ലൈന്‍ അല്ലാതെയും ചെയ്യാം

ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇതിനായി അടുത്തുള്ള ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ അടുത്തോ (ERO), വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്‍ററില്‍ (VFC) എത്തിയോ അപേക്ഷ നല്‍കിയാല്‍ മതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതിക്ക് മുമ്പ് അപേക്ഷ നല്‍കാന്‍ മറക്കരുത്. സമര്‍പ്പിക്കുന്ന വിവരങ്ങളും രേഖകളും കൃത്യമായിരിക്കുന്നത് പേര് ചേര്‍ക്കല്‍ പ്രക്രിയ എളുപ്പമാക്കും. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!