Latest Videos

കൂറ് മാറാനും ഒറ്റുകൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാ‍ർത്ഥികളുണ്ട് കോൺഗ്രസിൽ? തുറന്നടിച്ച് പിണറായി

By Web TeamFirst Published Apr 24, 2024, 3:50 PM IST
Highlights

മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിനുള്ള ജനവിധിയാണ് കേരളം ഏപ്രിൽ 26ന് രേഖപ്പെടുത്തുകയെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടതെന്നും. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിനുള്ള ജനവിധിയാണ് കേരളം ഏപ്രിൽ 26ന് രേഖപ്പെടുത്തുകയെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയുടെ പൂര്‍ണ രൂപം


തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം  നടത്തി സ്വന്തമാക്കുക  എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു. വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്.  അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസ്സാണ്. ആ  പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തിൽ കണ്ടത്. 

സൂറത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥിയുടെ പേര് നിർദേശിച്ചവർ നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് പത്രിക തള്ളിപ്പോയി എന്നാണ്  ആദ്യം വാർത്തവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ബിജെപിയുടെ ദല്ലാളായി താനുൾപ്പെടെയുള്ള എല്ലാ സ്ഥാനാര്ഥികളെയും  മത്സരത്തിൽ നിന്ന് മാറ്റി ബിജെപിക്ക് ഏകപക്ഷീയ വിജയം  ഒരുക്കിക്കൊടുത്തു  ബിജെപിയിലേക്ക് പോയി എന്നതാണ് പുതിയ വിവരം. മത്സരം  തുടങ്ങുന്നതിന് മുൻപ് കൂറ് മാറാനും ഒറ്റുകൊടുക്കാനും  മടിയില്ലാത്ത എത്ര സ്ഥാനാർത്ഥികൾ  ഉണ്ട് ഇനി കോൺഗ്രസ്സിൽ? മത്സരിച്ച് ജയിച്ചാൽ ബിജെപിയിലേക്ക് ഇരുട്ടി വെളുക്കും മുൻപ് ചാടിപ്പോകാത്ത എത്ര പേർ  അവശേഷിക്കുന്നുണ്ട്? 

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കുമുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസ്സിനെ നയിക്കുന്നത്.  കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശ‍ര്‍മ്മയുടെ വെളിപ്പെടുത്തൽ. ഇവിടെ  കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിക്കുന്നവർ ഈ ചർച്ചയിൽ പങ്കെടുത്തോ? 

ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസിന് എത്രമാത്രം ആത്മാർത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്.  ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ്   കേരളം  ഏപ്രിൽ 26ന് രേഖപ്പെടുത്തുക.

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ; 'ഹാജരായില്ലെങ്കിൽ അറസ്റ്റ്'

 

click me!