Latest Videos

വോട്ട് പോകുന്നത് ഉദ്ദേശിച്ച സ്ഥാനാർഥിക്കോ, നേരത്തെ പെട്ടിയില്‍ വല്ലതും വീണോ? ഉറപ്പിക്കാൻ മോക്ക്‌പോൾ

By Web TeamFirst Published Apr 17, 2024, 10:21 AM IST
Highlights

മോക്‌പോള്‍ അത്ര സിംപിള്‍ അല്ലല്ലേ! ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ ആരും അത്ഭുതപ്പെടും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു കാര്യമാണ് 'മോക്ക്‌പോള്‍' എന്നത്. ആ പേരില്‍ തന്നെ അര്‍ഥം വ്യക്തമെങ്കിലും എങ്ങനെയാണ് മോക്ക്‌പോള്‍ നടത്തുക എന്നത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. എന്താണ് മോക്ക്‌പോള്‍ എന്ന് വിശദീകരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഫേസ്ബുക്കില്‍ മോക്ക്‌പോളിനെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 

എന്താണ് മോക്ക്‌പോള്‍

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്‌പോള്‍ നടത്തുന്നത്. വോട്ടെടുപ്പ്  ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ഏജന്‍റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്ക്‌പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്‌പ്ലേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കെതിരെയും പൂജ്യം വോട്ടാണ് അപ്പോള്‍ കാണിക്കുക. ശേഷം വിവിപാറ്റിന്‍റെ ബാലറ്റ് കമ്പാര്‍ട്ടുമെന്‍റും തുറന്ന് ശൂന്യമാണെന്ന് പോളിംഗ് ഏജന്‍റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തുന്നു. അതിന് ശേഷം പോളിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക്‌പോള്‍ നടത്തുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിംഗ് ഏജന്‍റുമാരെ ബോധ്യപ്പെടുത്തുന്നു. 

ഇതിന് ശേഷം യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മോക്ക്‌പോള്‍ ഫലം മായ്ക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ 'ക്ലിയര്‍ ബട്ടണ്‍' അമര്‍ത്തുന്നു. തുടര്‍ന്ന് വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് 'ടോട്ടല്‍ ബട്ടണ്‍' അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്മെന്‍റ് ശൂന്യമാണെന്ന് വീണ്ടും പോളിംഗ് ഏജന്‍റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ഥ വോട്ടെടുപ്പ് ആരംഭിക്കുക.

Read more: ഇനി വോട്ടിട്ടാല്‍ മതി, ചിത്രം വ്യക്തം, കേരളം തെരഞ്ഞെടുപ്പിന് തയ്യാര്‍; സംസ്ഥാനത്ത് 25231 ബൂത്തുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!