
തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭ ബഹിഷ്കരിച്ചത് അപഹാസ്യമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയോട് പുറം തിരിഞ്ഞ് നിൽക്കുകയല്ല വേണ്ടത്. ഏത് തരം ജനാധിപത്യമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അറിയില്ല. രാഷ്ട്രീയ കാരണമാണ് ബഹിഷ്കരണത്തിന് കാരണമെന്ന് പറയുന്നു. പക്ഷേ, ചെല്ലാനത്തെ പരിപാടിയാൽ ഹൈബി ഈഡൻ ഉണ്ടായിരുന്നു, മറ്റൊരു പരിപാടിയിൽ പ്രതിപക്ഷ നേതാവും പങ്കെടുത്തു. എംപിമാരുടെ കോൺഫറൻസിൽ പങ്കെടുക്കാനും രാഷ്ട്രീയം തടസ്സമായില്ല. ഉരുകിത്തീരുന്ന മെഴുകുതിരിയായ പ്രവാസികളെ ബഹിഷ്കരിച്ചത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ പ്രവാസികൾക്കൊപ്പമുണ്ടെന്ന് ബഹിഷ്കരിച്ചവർ ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
ലോക കേരള സഭ വലിയ മാറ്റം ഉണ്ടാക്കി. ലോക കേരള സഭയിലെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 പ്രമേയങ്ങൾ ലോക കേരള സഭ അംഗീകരിച്ചു. ഈ പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി അവതരിപ്പിച്ച സമീപന രേഖയും ലോക കേരള സഭ അംഗീകരിച്ചു.
കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ നൽകി പങ്ക് അവിസ്മരണീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക നന്മയ്ക്കായി പ്രവർത്തിക്കുന്നവരാണ് ലോകത്തെ മലയാളികൾ. പ്രവാസികളുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ കലോത്സവം അതത് മേഖലയിൽ ആലോചിക്കും. ലോക കേരള സഭ പ്രാദേശികമായി സംഘടിപ്പിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായാണ് മുഖ്യമന്ത്രി ലോക കേരള സഭയെ അഭിസംബോധന ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam