ലോക കേരള സഭ: യൂസഫലിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് റസൂൽ പൂക്കുട്ടിയും രംഗത്ത്

By Web TeamFirst Published Jan 3, 2020, 2:52 PM IST
Highlights
  • വിഷയത്തിൽ നേരത്തെ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി വ്യവസായ പ്രമുഖൻ എംഎ യൂസഫലിയും രംഗത്ത് എത്തിയിരുന്നു
  • സർക്കാർ മാറിയാലും ലോക കേരള സഭയുണ്ടാകുമെന്നും, നേതാക്കൾക്ക് ഗൾഫിൽ കിട്ടുന്ന സ്വീകരണം പ്രവാസികൾ നാട്ടിലും പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യൂസഫലിയുടെ വിമർശനം

തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും രംഗത്ത്. ലോക കേരള സഭയിൽ എല്ലാവരും പങ്കെടുക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ കക്ഷിരാഷട്രീയം പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയത്തിൽ നേരത്തെ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി വ്യവസായ പ്രമുഖൻ എംഎ യൂസഫലിയും രംഗത്ത് എത്തിയിരുന്നു. 'ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് ശരിയായില്ല. ഗൾഫിൽ എല്ലാ നേതാക്കൾക്കും വലിയ സ്വീകരണമാണ് നൽകുന്നത്. പ്രവാസികൾ നാട്ടിലെത്തുമ്പോൾ അതേ സ്വീകരണം പ്രതീക്ഷിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയിൽ പങ്കെടുക്കണമായിരുന്നു' എന്നായിരുന്നു യൂസഫലിയുടെ പ്രതികരണം. സർക്കാർ മാറിയാലും ലോക കേരള സഭയുണ്ടാകുമെന്നും യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനിടെ രാഹുല്‍ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്നായിരുന്നു അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്. ജനുവരി ഒന്ന് മുതൽ മൂന്ന് വരെ പ്രവാസികേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വർഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നു. 

പിന്നീട് ആന്തൂരിലെ പ്രവാസിസംരംഭകനായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകകേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത ധൂർത്തും കാപട്യവുമാണ് ലോകകേരള സഭയെന്നാണ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും ആരോപിച്ചത്.

എന്നാൽ ലോകകേരള സഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാനസർക്കാർ. ലോകകേരളസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി.

click me!