കോൺസുലേറ്റ് വഴി ഭക്ഷ്യ കിറ്റ് വിതരണം; മന്ത്രി കെടി ജലീലിനും ചീഫ്സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

By Web TeamFirst Published Aug 13, 2020, 4:52 PM IST
Highlights

ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന്  ലോകായുക്ത നോട്ടീസിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്. മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചാണ് ജലീലിൽ ഭക്ഷ്യകിറ്റ് സ്വീകരിച്ചത് എന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് എഎം റോഹിത്ത് നൽകിയ പരാതിയിലാണ് ലോകായുക്ത ഇടപെടൽ. ചട്ടം ലംഘിച്ച മന്ത്രിയെ അയോഗ്യനാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കാൻ ഈ മാസം 25 നുള്ളിൽ കാരണം ബോധിപ്പിക്കണമെന്ന് ലോകായുക്ത നിർദ്ദേശിച്ചു. കോൺസുൽ ജനറലും മന്ത്രിയും തമ്മിൽ നടത്തിയ ആശയവിനിമയത്തിൻറെ രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 

യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ഭക്ഷ്യകിറ്റുകളും ഖുർആനും മന്ത്രി കെടി ജലീൽ സ്വീകരിച്ചതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് ലോകായുക്ത നോട്ടീസ് അയച്ചത്. വിദേശ വിനിമയചട്ടങ്ങൾ ലംഘിച്ച് യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഭക്ഷ്യധാന്യങ്ങൾ ചട്ടംലംഘിച്ചാണ് സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തെന്നാണ് ഹര്‍ജിയിൽ വ്യക്തമാക്കുന്നത്. അതിനിടെ കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെടുന്ന മന്ത്രി കെടി ജലീൽ സ്വാതന്ത്ര ദിനത്തിൽ ദേശീയ പതാക ഉയർത്തരുതെന്ന ആവശ്യപ്പെട്ട് സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളും രംഗത്തെത്തി. 

 

 

click me!