
തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തിൽ കെ ടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നും ലോകായുക്ത. ന്യൂനപക്ഷവികസന കോർപ്പറേഷൻ ജനറൽ മാനേജറായി ജലീലിന്റെ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ലോകായുക്ത ഉത്തരവ്.
മന്ത്രി കെ ടി ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത ഉത്തരവ്. ബാങ്ക് ഉദ്യോഗസ്ഥനായ മന്ത്രിയുടെ ബന്ധു കെ ടി അദീബിനെ കോർപ്പറേഷനിലെ ജനറൽ മാനേജറായി നിയമിക്കാൻ യോഗ്യതകളിൽ ഇളവ് വരുത്തിയെന്ന് ലോകായുക്ത കണ്ടത്തി.
കോർപ്പറേഷൻ ആവശ്യപ്പെടാതെ മന്ത്രി നേരിട്ട് ഇടപെട്ട് ബന്ധവിന് നിയമനം ലഭിക്കാൻ വേണ്ടി മാത്രമായി യോഗ്യതയിൽ മാറ്റംവരുത്തിയെന്നും ഉത്തരവിൽ പറയുന്നു. മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത വിധി നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി.
യൂത്ത് ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി വികെ മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് ലോകായുക്ത ഉത്തരവ്. ലോകായുക്തയുടെ മുന്നിലെത്തിയ പരാതിയിൽ മന്ത്രി തന്നെ നേരിട്ട് ഹാജരായി വിശദീകരണം നൽകിയിരുന്നു. ബന്ധുവിന് നിയമനം ലഭിക്കാൻ പ്രത്യേകമായി ചട്ടം മറികടന്നിട്ടില്ലെന്ന് മന്ത്രിയുടെ വിശദീകരണം ലോകായുക്ത തള്ളി. രേഖകൾ വിളിച്ച് വരുത്തി പരിശോധിച്ച ശേഷമായിരുന്നു ഉത്തരവ്. ഏറെ നാളെത്തെ വാദപ്രതിവദങ്ങൾക്ക് ശേഷമായിരുന്നു വിധി. വാദം നേരത്തെ പൂർത്തിയായെങ്കിൽ വിധി പ്രഖ്യാപനം വോട്ടെടുപ്പ് ശേഷമേ പാടുള്ളുവെന്ന് ജലീലിന്റെ അഭിഭാഷൻ വാദിച്ചിരുന്നു.
ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പിണറായി സർക്കാറിന്റെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറത്ത് ജലീലിന്റെ കോലം കത്തിച്ചു. അതേ സമയം ഹൈക്കോടതിയും ഗവർണർ തള്ളിയ കേസിലാണ് ലോകായുക്ത ഉത്തരവെന്ന് ജലീൽ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി എടുക്കുമെന്നും അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam