Latest Videos

സർക്കാരിനെതിരെ ലോകായുക്തയുടെ അസാധാരണ നീക്കം, ഗവർണർക്ക് സ്പെഷ്യൽ റിപ്പോർട്ട്; നടപടി കെഎഎല്ലുമായി ബന്ധപ്പെട്ട്

By Web TeamFirst Published Mar 22, 2024, 6:14 PM IST
Highlights

ലോകായുക്ത അധികാരങ്ങള്‍  വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അസാധാരണ നടപടി.  

തിരുവനന്തപുരം : കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വിസമ്മതിച്ച സർക്കാർ നടപടിക്കെതിരെ അസാധാരണ നീക്കവുമായി ലോകായുക്ത. ആനുകൂല്യം നൽകാൻ വിസമ്മിതിച്ചതിനെതിരെ ഗവർണർക്ക് ലോകായുക്ത സ്പെഷ്യൽ റിപ്പോർട്ട് നൽകി. ലോകായുക്ത അധികാരങ്ങള്‍  വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അസാധാരണ നടപടി.  

പൊതുമേഖല സ്ഥാപനായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിൽ നിന്നും വിരമിച്ച  ശേഷം അനൂകൂല്യങ്ങള്‍ നിഷേധിച്ചെന്ന പരാതിയുമായാണ് ജീവനക്കാര്‍ ലോകായുക്തയെ സമീപിച്ചത്. ആനുകൂല്യങ്ങള്‍ നൽകാൻ സർക്കാരിനും സ്ഥാപനത്തിനും ലോകായുക്ത നിർദ്ദേശം നൽകി. കമ്പനിക്കാണ് ബാധ്യതയെന്ന് സർക്കാരും, കമ്പനി നഷ്ടത്തിലാണെന്ന് കേരള ഓട്ടോമൊബൈൽസും വിശദീകരണം നൽകി തലയൂരി. ഇതോടെയാണ് ലോകായുക്ത ഗവര്‍ണര്‍ക്ക് സ്പെഷ്യൽ റിപ്പോര്ട്ട് നൽകിയത്.  ലോകായുക്ത നിയമത്തിലെ 12 (5) പ്രകാരംമാണ് നടപടി.

ജീവനക്കാരുടെ ആവലാതി കേള്‍ക്കണമെന്നും ഗവർണർ ഇടപെടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകായുക്ത നിയമപ്രകാരം ഗവണർ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി ഈ റിപ്പോർട്ട് നിയമസഭയിൽ നൽകണെന്നാണ് വ്യവസ്ഥ. 2008ലാണ് ഇതിന് മുമ്പ് ലോകായുക്ത സമാനമായ നടപടി സ്വീകരിച്ചത്.

ഇനി ഇക്കാര്യത്തിൽ ഗവർണറുടെ നിലപാടാണ് നിർണായകം. അഴിമതി തെളിഞ്ഞാൽ ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കാമായിരുന്ന ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തി സംസ്ഥാന സര്‍ക്കാർ കൊണ്ട് വന്ന നിയമ ഭേദഗതി അടുത്തിടെയാണ് രാഷ്ട്രപതി അംഗീകരിച്ചത്. മാത്രമല്ല അടുത്ത ബുധനാഴ്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സ്ഥാനമൊഴിയാനിക്കെയാണ് അസാധാരണ നടപടിയെന്നതും ശ്രദ്ധേയം. 

 

click me!