
ദില്ലി: കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയുക്ത തിരുവനന്തപുരം എംപി ശശി തരൂര്‍ ഒഴികെ ബാക്കി 19 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മുകളില്‍ നിന്നും താഴോട്ട് എന്ന ക്രമത്തില്‍ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനാണ് കേരളത്തില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കെ.സുധാകരന്‍ വന്നു. വടകര എംപി കെ.മുരളീധരന്‍റെ ഊഴമായിരുന്നു അടുത്തത്. ഇതിന് ശേഷമാണ് സഭയുടെ മുഴുവന്‍ ശ്രദ്ധയും ഏറ്റുവാങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റത്. സഭയിലെ എല്ലാ അംഗങ്ങളേയും അഭിവാദ്യം ചെയ്ത് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്തു.
രാഹുലിന് ശേഷം എംകെ രാഘവന്‍- കോഴിക്കോട്, പികെ കുഞ്ഞാലിക്കുട്ടി - മലപ്പുറം, ഇടി മുഹമ്മദ് ബഷീര്‍ -പൊന്നാനി, രമ്യ ഹരിദാസ് -ആലത്തൂര്‍, വികെ ശ്രീകണ്ഠന്‍ - പാലക്കാട്, ബെന്നി ബെഹ്ന്നാന്‍-ചാലക്കുടി, ടിഎന്‍ പ്രതാപന്‍- തൃശ്ശൂര്‍, ഹൈബി ഈഡന്‍-എറണാകുളം, എഎം ആരിഫ്-ആലപ്പുഴ, തോമസ് ചാഴിക്കാടന്‍-കോട്ടയം, ഡീന്‍ കുര്യാക്കോസ്-ഇടുക്കി, എന്‍കെ പ്രേമചന്ദ്രന്‍-കൊല്ലം, അടൂര് പ്രകാശ്- ആറ്റിങ്ങള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള സീനിയര്‍ എംപിയായ കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തു. 17-ാംലോക്സഭയുടെ പ്രഥമസമ്മേളനം രാവിലെ തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി സഭയില്‍ ഇല്ലായിരുന്നു. സഭയിലെ രാഹുലിന്‍റെ അസാന്നിധ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ഉച്ചയോടെ രാഹുല്‍ ദില്ലിയില്‍ വിമാനമിറങ്ങിയതായി വാര്‍ത്ത വന്നു. തൊട്ടു പിന്നാലെ വയനാട് എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും എന്ന് രാഹുല്‍ ഗാന്ധി തന്നെ ട്വീറ്റ് ചെയ്തു. മൂന്ന് മണിയോടെ അദ്ദേഹം സഭയില്‍ എത്തുകയും ചെയ്തു. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ശശി തരൂരിന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ പോയത്. നാളെ സത്യപ്രതിജ്ഞ ചെയ്യും എന്ന് തരൂര്‍ ലോക്സഭാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam