ഇന്നലെ പൂത്ത തകരയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് വെള്ളാപ്പള്ളി നടേശൻ. നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ആലപ്പുഴ: നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീ​ഗിലെ വർ​ഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ല. ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീ​ഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ

ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് വെള്ളാപ്പള്ളി നടേശൻ. സതീശൻ ആണ് തനിക്കെതിരെ പറഞ്ഞത്. താൻ വർ​ഗീയ വാദിയാണെന്ന് രമേശ്‌ ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അം​ഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.

YouTube video player