ലോക് താന്ത്രിക് ജനതാദള്‍ ജെഡിഎസില്‍ ലയിക്കുന്നു

By Asianet MalayalamFirst Published May 16, 2019, 10:44 AM IST
Highlights

ജനതാദള്‍ എസിലേക്ക് മടങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് മനയത്ത് ചന്ദ്രനടക്കമുള്ള നേതാക്കള്‍ നിലപാടെടുത്തു. ലയനം സംബന്ധിച്ച് ശ്രേംയസ് കുമാറും കൃഷ്ണന്‍ കുട്ടിയും തമ്മില്‍ ചര്‍ച്ച നടത്തി. 

തിരുവനന്തപുരം: കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലയനം നടക്കുമെന്നാണ് വിവരം. ആര്‍ജെഡിയുമായി സഹകരിക്കാനുള്ള  തീരുമാനത്തില്‍ പ്രതിഷേധിച്ച്  ദേശീയ നേതൃത്വവുമായുള്ള  ബന്ധം എല്‍ജെഡി സംസ്ഥാന ഘടകം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. 

ജനതാദളുകള്‍ ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും, ലോക്താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. 24 ന് നടക്കുന്ന ചര്‍ച്ചയില്‍ ലയനം സംബന്ധിച്ച  തീരുമാനമാകുമെന്നാണ് സൂചന. 2009 ല്‍ എല്‍ഡിഎഫ് വിടുംവരെ വീരേന്ദ്രകുമാറും കൂട്ടരും ദേവഗൗഡ നയിക്കുന്ന ജനതാദള്‍ എസില്‍ ആയിരുന്നു. അവിടെ നിന്നും ജെഡിയുവിലേക്ക് പോയ വീരനും കൂട്ടരും പിന്നീട് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ജെഡിയു വിട്ടു. പിന്നടീ ശരത് യാദവ് രൂപീകരിച്ച ലോക് താന്ത്രിക് ജനതാദളില്‍ ചേര്‍ന്നു. 

2009 മുതല്‍ യുഡിഎഫിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വീരനും കൂട്ടരും കഴിഞ്ഞ വര്‍ഷമാണ് യു‍ഡിഎഫ് വിട്ടത്. മുന്നണി മാറ്റത്തിനെതിരെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ജനാദളിലേക്ക് മടങ്ങിപ്പോവാനുള്ള തീരുമാനത്തിന് പിന്നിലും മനയത്ത് ചന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദമുണ്ട്.  ജനതാദള്‍ എസിലേക്ക് മടങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 

 

ഇതിനിടെ ബീഹാറില്‍  ആര്‍ജെഡി ചിഹ്നത്തില്‍ ദേശീയ നേതാവ് ശരത് യാദവ്  മത്സരിക്കുന്നതും സംസ്ഥാന ഘടകത്തില്‍ അതൃപ്തിയുണ്ടാക്കി.  കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ആര്‍ജെഡിയുമായി തെരഞ്ഞെടുപ്പിന് ശേഷം  ലയിക്കാനാണ് ശരത് യാദവിന്‍റെ നീക്കം. ഇത്  ഇടത് മുന്നണിയിലുള്ള എല്‍ജെഡി സംസ്ഥാന ഘടകത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതേ സമയം ദേശീയ നേതൃത്വത്തിന്‍റെ അറിവോടെ നടക്കുന്ന ലയന ചര്‍ച്ചകളില്‍ മാത്യു ടി തോമസിനെയും കൂട്ടരേയും കെ.കൃഷ്ണന്‍ കുട്ടി സഹകരിപ്പിക്കുന്നില്ല. എല്‍ജെഡി നേതാക്കള്‍ തിരിച്ചെത്തുന്നതില്‍ മാത്യു ടി തോമസ് വിഭാഗം നേരത്തെ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

click me!