മെഡിക്കൽ കൗൺസിൽ അംഗീകാരമില്ല: ഇടുക്കി മെഡി.കോളേജില്‍ ഈ വര്‍ഷവും ക്ലാസ് നടക്കില്ല

By Web TeamFirst Published May 16, 2019, 9:31 AM IST
Highlights

ഇടുക്കി മെഡിക്കൽ കോളജില്‍ ഈ വര്‍ഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. 

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജിൽ ഈ വർഷവും പ്രവേശനം നടത്താനാകില്ലെന്നുറപ്പായി. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് ഇടുക്കി മെഡി. കോളേജിൽ രണ്ടാം വർഷവും പ്രവേശനം മുടങ്ങിയത്. അതേസമയം ആശുപത്രിയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

ഇടുക്കി മെഡിക്കൽ കോളജില്‍ ഈ വര്‍ഷം വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. പരിശോധനക്ക് മുൻപ് മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് അധ്യാപകരെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധനയില്‍ അധ്യാപകരുടെ കുറവ് അടക്കം പല പ്രശ്നങ്ങളും കണ്ടെത്തിയാണ് അനുമതി നിഷേധിച്ചത്. 

റസിഡന്‍റ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടെയും കുറവ്, വാര്‍ഡുകളിലെ അപര്യാപ്തതകള്‍,കംപ്യൂട്ടര്‍, ഇൻറര്‍നെറ്റ് സൗകര്യമില്ലായ്മ, അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായുള്ള ക്വാര്‍ട്ടേഴ്സിന്‍റെ അഭാവം, ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കുറവ്, ആവശ്യത്തിന് തീവ്രപരിചരണ വിഭാഗങ്ങളില്ല തുടങ്ങി പ്രശ്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അനുമതി നിഷേധിച്ച വിവരം സര്‍ക്കാരിനെ മെഡിക്കൽ കൗൺസിൽ അറിയിക്കുകയും ചെയ്തു. കൂടുതല്‍ വിശദീകരണം നല്‍കാൻ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിയോട് വെള്ളിയാഴ്ച നേരില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. 

അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയത്. രണ്ട് ബാച്ചുകളിലായി 100 കുട്ടികളേയും പ്രവേശിപ്പിച്ചു. പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ വന്നതോടെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഇടതു സര്‍ക്കാര്‍ വന്നതോടെ വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി ഇടുക്കി മെഡിക്കൽ കോളജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവക്കുകയായിരുന്നു. 

click me!