അട്ടക്കുളങ്ങരയിൽ ജയിൽ ചാടിയ തടവുകാരികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published Jun 27, 2019, 6:33 PM IST
Highlights

തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ശിൽപ്പ, സന്ധ്യ എന്നിവരുടെ ചിത്രം വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ വനിതാ ജയിൽ ചാടിയ തടവുകാരെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും രക്ഷപ്പെട്ട ശിൽപ്പ, സന്ധ്യ എന്നിവരുടെ ചിത്രം വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന്‍റെ സംശയം. പ്രതികൾ കഞ്ചാവ് വിൽപ്പന സംഘവുമായുള്ള ബന്ധമുപയോഗിച്ച് ഒളിവിൽ പോയതായും പൊലീസ് സംശയിക്കുന്നു.

കേരളത്തിൽ ആദ്യമായി ജയിൽ ചാടുന്ന വനിതാ തടവുകാരാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രക്ഷപ്പെട്ട സന്ധ്യയും ശിൽപയും. ഒരേ സെല്ലിലായിരുന്ന രണ്ട് പേരും നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയിൽ ചാടിയത്. ജയിൽ ശുചിമുറിയുടെ പുറകിലായി അധികമാരും ശ്രദ്ധിക്കാത്ത ഇടം തെരഞ്ഞെടുത്തായിരുന്നു റിമാന്‍ഡ് പ്രതികളായ ഇരുവരുടെയും ജയിൽ ചാട്ടം.  ജയിൽ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു.

ജയിൽ ചാടുന്നതിന് മുമ്പായി ശിൽപ തന്‍റെ സഹായിയെ ജയിലിൽ നിന്ന് വിളിച്ചിരുന്നു. ജയിലിലെ ഒരു രൂപ കോയിനിട്ട് വിളിക്കാവുന്ന ഫോണിൽ നിന്നാണ് ഇവ‍ർ ഇയാളുമായി ബന്ധപ്പെടുന്നത്. അടുക്കളത്തോട്ടത്തിൽ മുരിങ്ങ മരത്തോട് ചേർന്നുള്ള ഭാഗത്ത് മതിലിന് ഉയരം കുറവാണെന്ന വിവരം ഇവ‍‍ർക്ക് കിട്ടിയത് ഇയാളിൽ നിന്നാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെപ്പറ്റി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാൽ തടവുകാരികൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല.

എന്തായിരുന്നു ഇവർക്കെതിരായ കേസുകൾ?

പാങ്ങോട് സ്വദേശിയായ ശിൽപയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ സന്ധ്യ വർക്കല സ്വദേശിയാണ്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. ജാമ്യമെടുക്കാൻ പണമില്ലാത്തതിനാലാവണം ഇവർ ജയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് ജയിലധികൃതരും പൊലീസും സംശയിക്കുന്നത്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ഇതും ഇവരെ തടവ് ചാട്ടമെന്ന തീരുമാനത്തിലേക്ക് നയിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ജാമ്യമെടുക്കാൻ പണമില്ലെന്നും ജയിൽ ചാടാതെ മറ്റ് വഴിയില്ലെന്നും ഇവർ സഹതടവുകാരിയോട് പറഞ്ഞിരുന്നു. 

click me!