ഫൈസൽ ഫരിദിനെ ഇന്‍റര്‍പോള്‍ വഴി കണ്ടെത്താന്‍ ശ്രമം തുടങ്ങി, ബാങ്ക് ഇടപാടും പരിശോധിക്കും

By Web TeamFirst Published Jul 18, 2020, 9:04 AM IST
Highlights

കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരിദിനെ ഇന്‍റര്‍പോള്‍ വഴി കണ്ടെത്താന്‍ ശ്രമം തുടങ്ങി, ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇഷ്യു ചെയ്യാന്‍ തുടങ്ങി. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്നും കസ്റ്റംസ് മനസിലാക്കി. ഇതിന് പിന്നാലെ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഫൈസൽ ആരോപിച്ചു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം  ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നൽകി. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം. 

അതിനിടെ ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കൽ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്. 

അതേ സമയം കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ ഇന്ന്  ചോദ്യം ചെയ്യും. പണം മുൻകൂർ നൽകി ഇവർ സ്വർണ്ണ റാക്കറ്റ് വഴി സ്വർണം വരുത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഹെസയിൽ നിന്ന് രണ്ടേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ഈ സ്വർണത്തിന് രേഖകളില്ല. ഇവർക്ക് കള്ളക്കടത്ത് സ്വർണം നൽകിയെന്ന് കേസിൽ പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു. 

click me!