മുംബൈ/കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കുന്നത് വൈകും. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ നടപടി മരവിപ്പിക്കുമെന്നും ബിനോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു. ബിനോയ് എവിടെ എന്നതിൽ സൂചനകളില്ലെന്നും മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ്ക്കായി കേരളത്തിലും മുംബൈയിലും തെരച്ചിൽ തുടരുകയാണ്. കേസില്‍ കഴിഞ്ഞ ദിവസം ബിനോയ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുംബൈയിലെ ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്. നാളെയാണ് ബിനോയ്‍യുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് ബിനോയ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല.
മുംബൈയിലെ ഒരു ബാറിലെ ഡാൻസറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 2009 മുതൽ 2018 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam