ഡോ. എം പി പരമേശ്വരന്‍റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് പിണറായി, 'കേരളത്തിന്‍റെ വിലമതിക്കാനാകാത്ത നഷ്ടം'

Published : Aug 11, 2026, 03:28 PM IST
Pinarayi

Synopsis

ഡോ. എം.പി പരമേശ്വരന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. എം.പി പരമേശ്വരന്റെ നിര്യാണം കേരളത്തിന്റെ ശാസ്ത്ര-സാംസ്‌കാരിക-സാമൂഹിക രംഗങ്ങൾക്ക് വിലമതിക്കാനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ശാസ്ത്ര-സാംസ്‌കാരിക-സാമൂഹിക രംഗങ്ങൾക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ എം. പി. പരമേശ്വരന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ആണവ ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ചിന്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ സവിശേഷമായ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് അടുപ്പിക്കുകയും ശാസ്ത്രീയബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുകയും ചെയ്യുന്നതിന് ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു എം. പി. പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചയിലും രാജ്യത്തെ ജനകീയ ശാസ്ത്ര - സാക്ഷരതാ പ്രസ്ഥാനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചെന്നും പിണറായി അനുസ്മരിച്ചു.

ജീവിതത്തിന്റെ വിപുലമായ ഒരു ഘട്ടത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ശാസ്ത്രീയ സോഷ്യലിസ്റ്റ് ചിന്തകളുടെയും വക്താവും പ്രചാരകനുമായി അദ്ദേഹം ശ്രദ്ധേയനായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ ലഭിക്കുമായിരുന്ന വലിയ സൗകര്യങ്ങളും സാധ്യതകളും ഉപേക്ഷിച്ചാണ് അദ്ദേഹം സാമൂഹിക പ്രവർത്തനത്തിന്റെ വഴിയിലേക്ക് ഇറങ്ങിയത്. അധികാരം താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന ആശയത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെയുള്ള വികസനവും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ശാക്തീകരണവും ഉറപ്പാക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടുകൾ കേരളത്തിന്റെ വികസന ചിന്തകളിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ശാസ്ത്രത്തെ സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം രചിച്ച നിരവധി കൃതികൾ തലമുറകളെ സ്വാധീനിച്ചു. അറിവും ശാസ്ത്രീയബോധവും ജനാധിപത്യവും സാമൂഹിക പുരോഗതിക്കുള്ള ഉപാധികളാക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് എന്നും ഓർമിക്കപ്പെടും. എം പി പരമേശ്വരന്റെ വിയോഗം കേരളത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക, സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

സമ്പൂർണ സാക്ഷര കേരളത്തിന്‍റെ ശിൽപ്പികളിലൊരാൾ

അതേസമയം ഡോ. എം പി പരമേശ്വരൻ (91) ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. 1935 ജനുവരി 18 ന് ജനിച്ച അദ്ദേഹം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പി എച്ച് ഡി നേടുകയും 1957 ൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. വരേണ്യ അക്കാദമിക് മേഖല ഉപേക്ഷിച്ച് ശാസ്ത്രം സാമൂഹിക വിപ്ലവത്തിനായിരിക്കണം എന്ന ലക്ഷ്യത്തോടെ 1975 മുതൽ സി പി എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറി. മാക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളും വൈരുധ്യാത്മക ഭൗതികവാദവും ലളിതമായി വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ പ്രസ്ഥാനമായുള്ള പരിവർത്തനത്തിലും പ്രവർത്തനങ്ങളിലും സുപ്രധാന പങ്കുവഹിച്ച അദ്ദേഹം, ഗ്രാമശാസ്ത്രം, വികേന്ദ്രീകരണം, നാടിന് ചേർന്ന ഇന്റർമീഡിയറ്റ് സാങ്കേതികവിദ്യ തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം രൂപകൽപ്പന ചെയ്ത പുകയില്ലാത്ത അടുപ്പ് വിറകടുപ്പുകൾ ഉപയോഗിച്ചിരുന്ന കേരളീയ വീടുകളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ഇതിനുപുറമെ കേരളത്തെ സമ്പൂർണ സാക്ഷരമാക്കിയ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, ഭാരത് ഗ്യാൻ വിഗ്യാൻ സമിതി എന്നിവയ്ക്ക് പിന്നിലും എം.പിയുടെ ദീർഘവീക്ഷണമായിരുന്നു. 1984 ലെ ഭോപ്പാൽ ദുരന്തത്തിന് ശേഷം പരിഷത്തിന്റെ ആയിരത്തോളം പ്രവർത്തകരെ അണിനിരത്തി അദ്ദേഹം സംഘടിപ്പിച്ച 'സയൻസ് ട്രെയിൻ' വ്യവസായത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് രാജ്യത്ത് തുടക്കമിട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതീപ്രവേശന കേസ്: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് സൂചന നൽകി ചീഫ് ജസ്റ്റിസ്
എസ് സുരേഷിന് മേൽ പൂർണ്ണ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖർ; ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ, മാധ്യമങ്ങൾക്ക് വിമർശനം