എസ് സുരേഷിന് മേൽ പൂർണ്ണ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖർ; ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ, മാധ്യമങ്ങൾക്ക് വിമർശനം

Published : Aug 11, 2026, 03:16 PM IST
Rajeev Chandrasekhar

Synopsis

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എസ്. സുരേഷിനെതിരെ വിമർശനം ഉയർന്നെന്ന വാർത്തകൾ തെറ്റാണെന്നും, ഇത്തരം പ്രചാരണങ്ങൾ പാർട്ടിയെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ വാർത്ത നൽകുന്നതിന് മുൻപ് വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതിൽ ബിജെപി ശക്തമായ പ്രതിഷേധിക്കുന്നു. ബിജെപിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന് മേൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.

കോർ കമ്മറ്റിയിൽ എസ് സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും, നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴില്ലെന്നുറപ്പാണ്. എന്നാൽ പൊതു സമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കിൽ അതു പരാജയപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞതാണ്.

എന്നാൽ വീണ്ടും വീണ്ടും, നടക്കാത്ത ചർച്ചകൾ നടന്നു എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ തുടരുന്നത് മാധ്യമ ധർമ്മമല്ല. നടന്നിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്, നൂറ്റാണ്ടിലധികമായി സമൂഹത്തിൽ വിശ്വാസ്യത നേടിയ മാധ്യമങ്ങൾ പോലും വസ്തുതയുടെ ഒരു ശതമാനം പോലുമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തെയും സമൂഹത്തെയും നേരിട്ട് ബാധിക്കുന്ന ഗുരുതര വിഷയങ്ങളിൽ മൗനം പാലിക്കുന്നവർ, രാജ്യവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നവർ, ‘വന്ദേമാതരം’ പാടുന്നതിൽ പോലും മടിക്കുന്ന സർക്കാരിനെതിരെ മിണ്ടാട്ടം മുട്ടുന്നവർ—അതേസമയം ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളിൽ കാണിക്കുന്ന ഈ അമിതമായ താൽപര്യവും ശുഷ്കാന്തിയും നല്ലതല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജനാധിപത്യത്തിന്‍റെ നാലാം തൂണാണ് മാധ്യമങ്ങൾ. ആ ഉത്തരവാദിത്വം വസ്തുതകളോടും സമൂഹത്തോടും പുലർത്തേണ്ടതുണ്ട്. യഥാർത്ഥത്തിൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകാതെ, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് അമിത പ്രാധാന്യം നൽകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ മാത്രമല്ല, സമൂഹത്തെയും ദോഷകരമായി ബാധിക്കും. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് വളരെ ലളിതമാണ്: വാർത്തയ്ക്ക് മുമ്പ് വസ്തുത പരിശോധിക്കുക. വിവാദത്തിന് മുമ്പ് സത്യം അന്വേഷിക്കുക. രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുകളിൽ മാധ്യമ ധർമ്മത്തെ ഉയർത്തിപ്പിടിക്കണം. മാധ്യമങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല; ജനാധിപത്യത്തെ വിശ്വസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ
കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ