'ജോലി നഷ്ടമായി, മക്കളെ മറ്റു കുട്ടികൾ കളിയാക്കി, ഭാര്യ ഉപേക്ഷിച്ചു'; പോത്തിറച്ചിയെന്ന് തെളിഞ്ഞതോടെ ജയിൽമോചിതനായി സുജേഷ്

Published : Jun 14, 2025, 01:33 PM ISTUpdated : Jun 14, 2025, 03:17 PM IST
sujesh allwgation against forest officers

Synopsis

വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ചുമട്ടുതൊഴിലാളി സുജേഷ്. പിടിച്ചെടുത്തത് പോത്തിറച്ചിയാണെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ മോചിതനായി.

തൃശൂർ: മ്ലാവിറച്ചി പിടികൂടിയെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ജയിൽമോചിതനായ ചുമട്ടുതൊഴിലാളി സുജേഷ്. പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായതോടെയാണ് 35 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുജേഷും ജോബിയും മോചിതരായത്.

തന്‍റെ നെഞ്ചത്ത് കിടന്ന മക്കളെ മാറ്റിയ ശേഷമാണ് പിടിച്ചുകൊണ്ടു പോയതെന്ന് സുജേഷ് പറയുന്നു. താൻ കൊടുത്ത ഇറച്ചി മാട്ടിറച്ചിയാണെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദിച്ചു. സിഐടിയു തൊഴിലാളിയാണെന്ന് പറഞ്ഞിട്ടും കുറ്റം അടിച്ചേൽപ്പിച്ചു. തന്നെ ഇടിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്ന് സുജേഷ് പറയുന്നു. മക്കൾ സ്കൂളിൽ പോകുമ്പോൾ മറ്റു കുട്ടികൾ കളിയാക്കിയെന്ന് വിതുമ്പിക്കൊണ്ട് സുജേഷ് പറഞ്ഞു. ഭാര്യ വരെ തന്നെ ഇട്ടിട്ടു പോയെന്ന് സുജേഷ് പറയുന്നു.

വനം ഉദ്യോഗസ്ഥർ ഇനിയും കള്ളക്കേസിൽ കുടുക്കുമെന്ന് പേടിയുണ്ട്. ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടു. പത്തു മാസമായി ലോൺ അടച്ചിട്ടില്ല. വാടകയ്ക്ക് ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. മാനസിക നില തെറ്റിപ്പോയത് കൊണ്ട് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണേണ്ടിവന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഫോറസ്റ്റിലെ ഉദ്യോഗസ്ഥർ പല കാര്യങ്ങൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്നും സുജേഷ് പറഞ്ഞു.

തൃശൂരിലെ മൂപ്ലിയത്ത് നിന്നാണ് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും മ്ലാവിറച്ചിയുടെ പേരിൽ പിടിയിലായത്. ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായതോടെ ജയിൽ മോചിതരായി. ചുമട്ടുതൊഴിലാളി സുജീഷിൽ നിന്ന് മ്ലാവിറച്ചി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജോബിയും ഇത് മ്ലാവിറച്ചിയാണെന്ന് മൊഴി നൽകിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. കേസിൽ കേരള ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്,

ഒന്നാം പ്രതി ജോബിയുടെ വീട്ടിൽ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അഭിഭാഷകൻ പി.എസ്. വിഷ്ണുപ്രസാദ് ആരോപിച്ചു. എഫ്എസ്എൽആർ റിപ്പോർട്ട് പ്രകാരം ഇറച്ചി കന്നുകാലിയുടേതാണ്. രണ്ടാം പ്രതി ചുമട്ടുതൊഴിലാളിയാണ്. പ്രതികളെ മർദ്ദിച്ചാണ് കുറ്റസമ്മത മൊഴി എടുത്തത്. ഫോറസ്റ്റ്കാരുടെ ഭീഷണിക്ക് വഴങ്ങിയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കേസ് വന്നതോടെ രണ്ടാം പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയി. അദ്ദേഹത്തിന് തൊഴിലും നഷ്ടമായി. ഒന്നും രണ്ടും പ്രതികൾ സമാന കേസുകളിൽ പ്രതികളല്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ കുടുക്കുകയായിരുന്നു. നേരത്തെ പ്രതികളിലൊരാളും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്