പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും

Published : Mar 13, 2026, 07:50 AM ISTUpdated : Mar 13, 2026, 07:52 AM IST
LPG Shortage

Synopsis

പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറന്‍റ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും എന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവിൽ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്‍റെ വില അയ്യായിരം രൂപയിലേക്ക് ഉയർന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും. മധുരമില്ലാത്ത ചായയും കോഫിയും ചില കടകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബെംഗളുരുവിലെ ആയിരക്കണക്കിന് പിജികൾ പലതും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു. വീട്ടു സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്രം വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തിൽ ഉറപ്പൊന്നും നൽകാതായതോടെ ആണ് രാജ്യത്തെ നൂറു കണക്കിന് ഹോട്ടലുകൾ അടച്ചത്. വാണിജ്യ സിലിണ്ടർ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇന്നലെ അറിയിച്ചെങ്കിലും നേരത്തെ നൽകിയിരുന്നതിന്റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക.ആഭ്യന്തര എൽപിജി ഉത്പാദനം 25% കൂട്ടി എന്ന് സർക്കാർ പറയുമ്പോഴും പ്രശ്ന പരിഹാരം ആയിട്ടില്ല. പരിഭ്രാന്തി പരത്തുന്നത് ഒഴിവാക്കണം എന്നാവർത്തിക്കുന്ന കേന്ദ്രം കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പല സ്ഥലങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി സിലിണ്ടർ കിട്ടാൻ വരിനിൽക്കുകയാണ്. 

കേരളത്തിൽ നാൽപതു ശതമാനം ഹോട്ടലുകൾ പൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന പറയുന്നു. പ്രവർത്തിക്കുന്നവ മെനു വെട്ടിച്ചുരുക്കി. പ്രതിസന്ധിയെ തുടർന്ന് വയനാട്ടിൽ പത്തിലേറെ ഹോട്ടലുകൾ അടച്ച് പൂട്ടിയെന്ന് ഉടമകൾ പറയുന്നു. കൂടുതൽ പാചകവാതകം ആവശ്യമായ വിഭവങ്ങൾ ഒഴിവാക്കിയാണ് നിലവിലെ ഹോട്ടലുകളുടെ നടത്തിപ്പ്. സമയ ക്രമീകരണം നടപ്പാക്കാൻ ആലോചിക്കുകയാണെന്നും ഹോട്ടൽ ഉടമകളുടെ സംഘടന പറഞ്ഞു. പുതിയ ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള ഇടവേള ഗ്രാമീണ മേഖലകളിൽ 45 ദിവസമാക്കി. കേരളത്തിൽ പകുതി എൽപിജി കണക്ഷനും ഗ്രാമീണ മേഖലയിൽ ആണ്. നഗരങ്ങളിൽ ബുക്കിങ് ഇടവേള നേരത്തെ തന്നെ 25 ദിവസമാക്കി വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടർ ബുക്കിങ് സാധ്യമാവുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഒരേസമയം നിരവധി പേർ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത് കാരണം സർവറുകൾ തകരാറിലാകുന്നതാണ് പ്രശ്നമെന്ന് ഏജൻസികൾ വിശദീകരിക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോന്നി മെഡിക്കൽ കോളേജ് നോട്ടീസ് വിവാദം; ആശുപത്രിയിലെ അപര്യാപ്തകള്‍ ആഴ്ചകള്‍ക്ക് മുൻപ് ഡോക്ടര്‍ അറിയിച്ചു, അവഗണിച്ച് ആരോഗ്യവകുപ്പ്
സ്ഥിരമായി തോൽക്കുന്നവരെ ഒഴിവാക്കും, സിസി മുകുന്ദന് 'കൈ' കൊടുക്കുന്നതിൽ എതിര്‍പ്പ് ശക്തം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് ദില്ലിയിൽ