സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച(ഓഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാഗ്രതാ അനൗൺസ്മെന്റ് തുടങ്ങി. പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയത്.
ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികൾ നോക്കിയശേഷം വാഹനങ്ങൾ കടത്തിവിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.
ഇടുക്കി കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം മണ്ണും മരവും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളിലും മരം വീണിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി.
കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു. കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെമീ മുതൽ 150 സെ.മീ വരെ വെള്ളം ഉയരാമെന്നാണ് മുന്നറിയിപ്പ്.
11 ജില്ലകളിലും രണ്ട് താലൂക്കുകളിലും തിങ്കളാഴ്ച അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ തിങ്കളാഴ്ച(ഓഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.


