'പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ മൂടിവെക്കപ്പെടില്ല'; അഭയ കേസ് വിധിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര

By Web TeamFirst Published Dec 22, 2020, 12:23 PM IST
Highlights

പുരോഹിതർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. സഭാ നേതൃത്വം മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര.

വയനാട്: സിസ്റ്റര്‍ അഭയ കൊലപാതക കേസ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. വളരെയധികം അഭിമാനം തോന്നുന്ന ദിവസമെന്നായിരുന്നു ലൂസി കളപ്പുരയുടെ പ്രതികരണം.  പുരോഹിതർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്. സഭാ നേതൃത്വം മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. കന്യാസ്ത്രീ മഠങ്ങളിൽ മരിച്ച 20 ൽ അധികം കന്യാസ്ത്രീകളുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ലൂസി കളപ്പുര പറഞ്ഞു. 

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് അഭയയ്ക്ക് നീതി ലഭിച്ചിരിക്കുന്നത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റവും തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്‍റെ പ്രതികരണം.

സത്യത്തിന്‍റെ ജയമെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച സിബിഐ ഡിവൈഎസ്‍പി വര്‍ഗീസ് പി തോമസിന്‍റെ പ്രതികരണം. വിധിയില്‍ സന്തോഷമെന്നും സിസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടിയെന്നും മുഖ്യസാക്ഷി അടയ്ക്കാ രാജു പറഞ്ഞു. കോട്ടയത്തെ സഭാ ആസ്ഥാനത്ത് വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി  മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റും. 

 

 

click me!