
കുവൈത്ത്: തൃശ്ശൂർ ലുലു മാളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. ലുലു നിയമത്തിന് അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുവൈത്തില്‍ പറഞ്ഞു.
തൃശൂരില് ലുലു മാള്‍ വരാത്തത് ഒരു പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന എംഎ യൂസഫലിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ആസ്ഥാന മന്ദിരോദ്ഘാടനച്ചടങ്ങിലാണ് പാര്‍ട്ടിയുടെയും പരാതിക്കാരന്‍റെയും പേരുപറയാതെ യൂസഫലി വെടിപൊട്ടിച്ചത്. പിന്നാലെയാണ് വരന്തരപ്പിള്ളിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭയുടെ നേതാവുമായ മുകുന്ദന്‍ താനാണ് ആ പരാതിക്കാരനെന്ന് വ്യക്തമാക്കുന്നത്. പിന്നാലെ നിര്‍ദ്ദിഷ്ട സ്ഥലത്തെച്ചൊല്ലി വിവാദം ഉയരുകയും ചെയ്തു. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് പ്രാദേശിക സിപിഐ നേതാവും പരാതിക്കാരനുമായ ടിഎന്‍ മുകുന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂസഫലിയുടെ ലുലു മാള്‍ മുടക്കിയതിന്‍റെ തൊപ്പി സിപിഐയുടെ തലയില്‍ വയ്ക്കെണ്ടെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.
പുഴയ്ക്കലിലെ ഹയാത്ത് റീജന്‍സിയോട് ചേര്‍ന്ന ഒരേക്കറോളം വരുന്ന സ്ഥലമാണ് ലുലുവിനായി കണ്ടെത്തിയിരുന്നത്. ചിരിയങ്കണ്ടത്ത് കാരുടെ ഉടമസ്ഥലയിലായിരുന്നു ഈ സ്ഥലം ഉണ്ടായിരുന്നത്. പന്നിക്കര കിണി പാടശേഖരത്തിലുള്‍പ്പെടുന്നതായിരുന്നു ഇത്. ജിയോളജിസ്റ്റിന്‍റെ അനുമതിയോടെ ഉടമകള്‍ കളിമണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ് സിപിഐ നേതാവായ മുകുന്ദന്‍റെ പരാതിയുടെ തുടക്കം. പരാതിയെത്തുടര്‍ന്ന് ജിയോളജിസ്റ്റിന്‍റെ പെര്‍മിറ്റ് റദ്ദാക്കി. സ്ഥലം ഉടമകള്‍ ഭൂമി പരിവർത്തനം ചെയ്യുന്നതിന് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. ലാന്‍റ് റവന്യൂ കമ്മീഷ്ണര്‍ക്ക് അപ്പീല്‍ പോയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഈ ഘട്ടത്തിലാണ് ഭൂമി ലുലു വാങ്ങുന്നത്. മതില് കെട്ടുകയും കുളം കുഴിക്കുകയും ചെയ്തതോടെ വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് മുന്നില്‍ മുകുന്ദന്‍ പരാതിയുമായെത്തി. പിന്നാലെ സ്റ്റോപ്പ് മെമ്മോ.
പിന്നാലെ ലുലുവിന്‍റെ അപേക്ഷയില്‍ ആദ്യം ഡാറ്റാബാങ്കില്‍ നിന്നും പിന്നീട് ഭൂമീ തരംമാറ്റിയും നല്‍കി.തരം മാറ്റുന്നതിന് എട്ട് കോടി എണ്‍പത് ലക്ഷം നിയമാനുസൃത ഫീസ് സര്‍ക്കാരില്‍ അടയ്ക്കുകയും ചെയ്തു. ഭൂമി പരിവര്‍ത്തനം സംബന്ധിച്ച പരാതി ജില്ലാ കളക്ടറുടെ മുന്നിലുണ്ടായിരുന്നു. കളക്ടര്‍ ഹിയറിങ്ങ് വിളിച്ചതോടെ അതിനെ ലുലു ഗ്രൂപ്പ് ഹൈക്കോടതിയില്‍ ചലഞ്ച് ചെയ്തു. കേസില്‍ മുകുന്ദനും കക്ഷി ചേര്‍ന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കളക്ടര്‍ ആര്‍ഡിഒയില്‍ നിന്നും കൃഷി ഓഫീസറില്‍ നിന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam