
മ്യാൻമർ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ. തായ‍്‍ലാൻഡിൽ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് പോയവരെയാണ് മാഫിയാ സംഘം മ്യാൻമറിലെ ഉൾഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് വന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇരകളായവരെ നിയോഗിക്കുന്നത്. എതിർത്താൽ ക്രൂര മർദ്ദനത്തിന് ഇരയാവുകയാണെന്നും തടങ്കലിലുള്ള മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തലപൊട്ടി ചോരവന്നാലും ചികിത്സയില്ല. ഇരുപത് മണിക്കൂറോളം ജോലി, കൂലിയില്ല... രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതായതോടെ വിവരം ലോകത്തെ അറിയിക്കാൻ പാടുപെടുന്ന കുറേ മനുഷ്യർ. അതിൽ മലയാളിയുണ്ട്, തമിഴനുണ്ട് അങ്ങനെ മുന്നൂറോളം പേർ. തോക്കുമായി കാവൽ നിൽക്കുന്ന മാഫിയാ സംഘത്തിന് നടുവിലാണ് ഇവർ. പേര് വെളിപ്പെടുത്താൻ പേടിയുള്ള ഒരു മലയാളി പറയുന്നത് ഇങ്ങനെയാണ്. ഓഗസ്റ്റ് 2നാണ് തായ‍്‍ലാൻഡിലേക്ക് പുറപ്പെട്ടത്. ഡേറ്റാ എൻട്രി ജോലിയെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ തായ‍്‍ലാൻഡിൽ എത്തിയതിന് പിന്നാലെ തോക്കുധാരികളുടെ പിടിയിലായി. റോഡ് മാർഗം മ്യാൻമർ അതിർത്തി കടന്നു. അവിടെ നിന്ന് ബോട്ടിൽ പുഴ കടന്ന് ഒരു ഉൾഗ്രാമത്തിലേക്ക് എത്തിച്ചു. മ്യാൻമർ സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത ഒരിടം. സൈബർ കുറ്റകൃത്യങ്ങളാണ് ഇരകളെ കൊണ്ട് ചെയ്യിച്ചത്. വിദേശികളെ സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് ബാങ്ക് വിവരങ്ങൾ ചോർത്തുക, ഹാക്കിംഗ് നടത്തുക, ഓൺലൈൻ ലൈംഗിക വ്യാപാരത്തിനായുള്ള കോൾ സെന്‍ററായി പ്രവർത്തിക്കുക അങ്ങനെ ജോലികൾ. രക്ഷപ്പെടാൻ ശ്രമിച്ചവരൊക്കെ ക്രൂരമർദ്ദനത്തിന് ഇരയായി. പേര് വിവരങ്ങൾ പുറത്ത് വന്നാൽ പോലും കൊല്ലുമെന്നാണ് മാഫിയാ സംഘം തടവിലുള്ളവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
എംബസിയെ ബന്ധപ്പെട്ടിട്ടും ഒന്നരമാസമായിട്ടും സഹായമൊന്നുമില്ലെന്നാണ് തടവിലുള്ളവർ പറഞ്ഞത്. എന്നാൽ വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇടപെട്ടെന്നും മുപ്പതോളം പേരെ രക്ഷിച്ചെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അവകാശവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam