'പുറത്താക്കി കോൺഗ്രസ്‌, എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിലിനെ'; കോൺഗ്രസ്‌ സ്ത്രീകൾക്കൊപ്പം, അഭിമാനമെന്ന് ഷഹനാസ്

Published : Dec 04, 2025, 02:59 PM ISTUpdated : Dec 04, 2025, 03:07 PM IST
Rahul Mamkootathil M A Shahanas

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ്‌ നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നുവെന്ന് എം എ ഷഹനാസ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ്‌ നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു. തന്നെ സാംസ്കാരിക സാഹിതി വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ വ്യക്തി തന്നെ തിരിച്ചെടുത്തെന്നും ഷഹനാസ് കുറിച്ചു

"പുറത്താക്കി കോൺഗ്രസ്‌.

എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ.

എന്നെ റിമൂവ് ചെയ്ത് വാട്സപ്പ് ഗ്രൂപ്പിൽ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്.

ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്

സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ്‌ നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു" എന്നാണ് ഷഹനാസ് ഫേസ് ബുക്കിൽ കുറിച്ചു.

അമ്മയുടെ പ്രായമുള്ളവർക്ക് വരെ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ഷഹനാസ്

മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് ഷഹനാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിലിന്‍റെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് നേരത്തെ വ്യക്തമാക്കുകയുണ്ടായി.

തന്നോടും മോശമായി പെരുമാറിയെന്ന് ഷഹനാസ്

കർഷക സമരത്തിൽ പങ്കെടുത്ത് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്ന് ഷഹനാസ് പറഞ്ഞു. ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നുവെന്നും ഷഹനാസ് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് താൻ ആവശ്യപ്പെട്ടതാണ്. ഇല്ലെന്ന് ഷാഫി പറയട്ടെ. ഷാഫി പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ടെന്നും എംഎ ഷഹനാസ് പറഞ്ഞു. കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്ക് പ്രവർത്തിക്കണം. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയിൽ അന്ന് തൻ്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഇന്നലെ ഷഹനാസ് വെളിപ്പെടുത്തിയിരുന്നു.

രാഹുലിന് മുൻകൂർ ജാമ്യമില്ല

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അറിയിച്ചത്. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു