
തിരുവനന്തപുരം: അതി ദാരിദ്യ നിർമ്മാർജ്ജനം മുതൽ ലൈഫ് വരെയുള്ള പദ്ധതികൾക്കിടയിൽ ഏറ്റവും സന്തോഷം നൽകുന്നത് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. വീടിനായി നഗര സഭയിൽ കയറി ഇറങ്ങി തളർന്ന ഒരാൾ ഒരു പന്നിപ്പടക്കം എങ്കിലും ഓഫീസിന് നേരെ എറിയാൻ തോന്നിയിരുന്നുവെന്ന് വിശദമാക്കിയതാണ് തദ്ദേശ സേവനങ്ങൾ വിരൽ തുമ്പിലെത്തിക്കാനുള്ള പ്രചോദനമായതെന്നും എംബി രാജേഷ്. കെ സ്മാർട്ട് വന്നതിന് ശേഷം 3200 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് ഒരു മിനിറ്റിൽ താഴെ സമയത്തിൽ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാൻ നിലവിൽ സാധിക്കും. മാനുഷിക ഇടപെടൽ ഇല്ലാതെ ചെയ്യുന്നതിനാൽ ആണ് ഇത് സാധിക്കുന്നത്. വിവാഹ രജിസ്ട്രേഷൻ, ലോകത്തിന്റെ രണ്ട് ഭാഗത്ത് നിന്ന് വിവാഹം രജിസ്ട്രർ ചെയ്യാൻ സാധിക്കുന്നത് ഒരു പക്ഷേ കേരളത്തിൽ തന്നെയാവുമെന്നും എം ബി രാജേഷ് പറയുന്നത്.
ഫയൽ അധിഷ്ഠിത ഗവേണൻസിൽ നിന്ന് ഡാറ്റ അധിഷ്ഠിതമായി മാറാൻ കെ സ്മാർട്ടിന് സാധിച്ചു. അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇവരിൽ പലരുടേയും ജീവിതത്തിലുണ്ടായ മാറ്റം സിനിമാ കഥകളിലേക്കാൻ മികച്ചതായിരുന്നു. മാലിന്യ മുക്ത നവകേരളത്തിൽ പൂർണത കൈവരിച്ചുവെന്ന് അവകാശപ്പെടുന്നില്ലെങ്കിലും വല്യ രീതിയിൽ മാറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഹരിത കർമ സേന, എംസിഎഫ്, മിനി എംസിഎഫുകൾ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ആളുകൾക്ക് മാലിന്യ സംസ്കരണം എന്ന് തോന്നുമ്പോൾ പഴയ കാര്യങ്ങളാണ് ഓർമ്മ വരുന്നത്. ലാലൂരിന്റെ കാര്യമെടുത്താൽ തന്നെ തൃശൂരിന്റെ കുപ്പത്തൊട്ടി ഇന്ന് ഐഎം വിജയന്റെ പേരിലുള്ള അന്താരാഷ്ട്ര സ്പോർട്സ് അക്കാദമിയാണ്. ബ്രഹ്മപുരം ക്ലീൻ ആയി. 7 സിബിജി പ്ലാന്റുകളാണ് കേരളത്തിൽ വരാൻ പോവുന്നത്. ആറ് മാസത്തിനുള്ളിൽ സാനിറ്ററി പാഡും ഡയപ്പറുകളും സംസ്കരിക്കാനുള്ള പദ്ധതി നടപ്പിലാവുമെന്നും എം ബി രാജേഷ് പറഞ്ഞു. നൂറ് ടൺ സാനിട്ടറി മാലിന്യം ഒരു ദിവസം സംസ്കരിക്കാനുള്ള ശേഷി കൈവരിക്കുകയാണ് ഉദ്ദേശം.
തെരുവുനായ പ്രശ്നം കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ അശാസ്ത്രീയമായ എബിസി റൂളാണ് ഇതിന് കാരണം. അങ്ങേയറ്റം അപ്രായോഗികമാണ് കേന്ദ്രത്തിന്റെ എബിസി നിയമം. കേരളത്തിലെ ഭവന നിർമ്മാണത്തിൽ കേന്ദ്ര പദ്ധതി വലിയൊരു ഘടകം അല്ല. കേരളം 19200 കോടിയിയോളം തുക ഭവ നിർമ്മാണ പദ്ധതിക്കായി ചെലവിട്ടു. ഇതിൽ കേന്ദ്ര വിഹിതം 2081കോടി രൂപ മാത്രമാണ്. അതിനാൽ തന്നെ ഭൂരിപക്ഷം തുകയും സംസ്ഥാനം മൊബിലൈസ് ചെയ്യുന്നതാണ്. ഇന്ത്യയിൽ ഭവന നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ തുക നൽകുന്നത് കേരളമാണ്. ആദിവാസി സങ്കേതങ്ങളിൽ 6 ലക്ഷവും അല്ലാതെ 4 ലക്ഷം രൂപയും കേരളം നൽകുമ്പോൾ പിഎംഎവൈ മുഖേന കേന്ദ്രം നൽകുന്നത് 72000 രൂപ മാത്രമാണ്. ഇതിനാൽ കേരളത്തിന് ബ്രാൻഡിംഗ് കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് പിന്നാലെ പോകേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. നികുതി വർധനവ് വരുത്താതെ തനത് വരുമാനം വർദ്ധിപ്പിക്കാൻ തദ്ദേശ വകുപ്പിന് സാധിച്ചിട്ടുണ്ട്. കിഫ്ബി ഇല്ലെങ്കിൽ കേരളത്തിലെ കണ്ണഞ്ചിക്കുന്ന മാറ്റം കാണാനാവില്ല.
കേരളത്തിലെ സ്കൂളുകളിലും ആശുപത്രികളിലും കിഫ്ബിയുടെ നിരവധി പ്രവർത്തികൾ നടക്കുന്നു. ലിഫ്റ്റ് സംവിധാനം വരെയുള്ള സർക്കാർ സ്കൂളുകൾ കേരളത്തിലിന്നുണ്ട്. ക്വാളിറ്റി ഉറപ്പിക്കാനും കിഫ്ബിക്ക് സാധിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി മെമ്പർ ചെറിയൊരു പദവിയല്ലെന്നും എംബി രാജേഷ് പറയുന്നു. പാർട്ടി പരിഗണിച്ചില്ലെന്ന പരാതിയില്ലെന്നും എംബി രാജേഷ് പറഞ്ഞു. എൽ ഡി എഫിന് വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ സാധുവായ കാരണം ഒന്നുമില്ലെന്നു എം ബി രാജേഷ് പറയുന്നത്. വർഗീയതയുടെ ബുൾഡോസറുകൾ ബെംഗളൂരുവിൽ വരെയെത്തി. എന്നാൽ ഇടതുപക്ഷം കേരളത്തിലുള്ളതിനാൽ ആ ബുൾഡോസറിന് കേരള അതിർത്തി കടക്കാൻ കഴിയില്ല. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കിടയിലും ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിച്ച സർക്കാരാണ് ഇടതുപക്ഷം. അതിനാൽ കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നും എംബി രാജേഷ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam