
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍റെ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി എം കെ മുനീര്‍ എംഎല്‍എ.മുനീര്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് പിന്‍മാറ്റം. തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് മുനീറിന്‍റെ ആരോപണം. ഭക്ഷണ വിതരണമത്രയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഭക്ഷണവിതരണത്തില്‍ മല്‍സരം വേണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷണ വിതരണത്തില്‍ രാഷ്ട്രീയ വിവേചനമുണ്ടെന്നാണ് പ്രതിപക്ഷ ഉപനേതാവും കോഴിക്കോട് സൗത്ത് എംഎല്‍എയുമായ എം കെ മുനീറിന്‍റെ ആരോപണം. കിനാശേരിയില്‍ താന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണ്‍ പൂട്ടാന്‍ നിരന്തരം ശ്രമിച്ച പൊലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യാന്‍ കൈയയച്ച് സഹായം ചെയ്യുകയാണെന്ന് മുനീര്‍ പറഞ്ഞു. സംഘടനയുടെ സ്റ്റിക്കര്‍ പതിച്ച ഉല്‍പ്പന്നങ്ങളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ മുനീര്‍ ഇതിന്‍റെ തെളിവുകളും പുറത്തുവിട്ടു.
തനിക്ക് മാത്രമല്ല മറ്റ് യുഡിഎഫ് എംഎല്‍എമാര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു. കിനാശേരിയില്‍ ഓരാഴ്ചയിലേറെയായി മുനീറിന്‍റെ നേതൃത്വത്തില്‍ എണ്ണൂറിലേറെ പേര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്ന കിച്ചണാണ് ഇന്നലെ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത്. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കിനാശേരിയിലെ കമ്മ്യൂണിറ്റി കിച്ചണ്‍ ഏറ്റെടുത്തതെന്നും പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ വിവേചനം കാട്ടിയിട്ടില്ലെന്നും കോഴിക്കോട് കോര്‍പറേഷന്‍ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam