ലോക്ക് ഡൗണ്‍ തീരുന്ന 14-ന് ശേഷം എന്ത്? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

By Web TeamFirst Published Apr 7, 2020, 8:11 PM IST
Highlights

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം എന്തെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ല. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണ്. അത് അയച്ചുകൊടുക്കും. 

തിരുവനന്തപുരം: 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം എന്തെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ല. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണ്. അത് അയച്ചുകൊടുക്കും. 

21 ദിവസത്തെ ലോക്ക്ഡൗണാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അത് ഏപ്രില്‍ 14 വരെയാണ് അതിന് ശേഷം കേന്ദ്രം ലോക്ക് ഡൗണ്‍ നീട്ടുകയോ അല്ലാതിരിക്കുകയോ എന്താണ് ചെയ്യുന്നത് എന്ന തീരുമാനം അറിയിച്ചതിന് ശേഷം എന്തെങ്കിലും കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

'നമ്മള്‍ ഏഴ് ദിവസമായിരുന്നല്ലോ പ്രഖ്യാപിച്ചിരുന്നത്,  കേന്ദ്രം 21 ദിവസം പ്രഖ്യാപിച്ചു. അതനുസരിച്ച് നമ്മള്‍ ചെയ്തു. നമ്മള്‍ ഏഴ് ദിവസം എന്നുപറഞ്ഞ് മാറിനില്‍ക്കാനാവില്ല. അതുപോലെ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

അതേസമയം ഇന്ന് കേരളത്തില്‍ കൊവിഡ് ബാധിച്ചത് 9 പേര്‍ക്കെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കാസര്‍കോട്, 3 പേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ എന്നിങ്ങനെയാണ്. ആകെ 336 പേര്‍. ഇതില്‍ വിദേശത്ത് നിന്ന് വന്നവര്‍ നാലുപേരും നിസാമുദ്ദീന്‍ ചടങ്ങില്‍ പങ്കെടുത്തത് രണ്ടുപേരുമുണ്ട്. സമ്പര്‍ക്കം മുഖേന വൈറസ് ബാധിച്ചത് മൂന്നുപേര്‍ക്കാണ്.

ഇന്ന് പരിശോധനയ്ക്ക് സ്രവം നല്‍കിയതില്‍ 12 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂര്‍ 5, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ഓരോന്ന് വീതം സാമ്പിളുകളാണ് നെഗറ്റീവ് ഫലം ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ സംസ്ഥാനത്ത് 263 പേര്‍ ചികിത്സയിലുണ്ട്, സംസ്ഥാനത്ത് ആകെ1,46,686 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇതില്‍ 1,45,934 പേര്‍ വീടുകളില്‍, ആശുപത്രികളില്‍ 752 പേര്‍. ഇന്നുമാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

click me!