അനിൽ ആന്റണി വിഷയം: അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം, മരമായാൽ എന്ത് ചെയ്യുമെന്ന് എം എം ഹസ്സൻ

By Web TeamFirst Published Jan 25, 2023, 9:20 PM IST
Highlights

അനിൽ ആന്റണി ബിജെപിയിൽ പോകുമെന്ന് താൻ കരുതുന്നില്ലെന്ന് എം എം ഹസ്സൻ...

തിരുവനന്തപുരം : ബിബിസി ഡോക്യുമെന്ററിയെ കുറിച്ചുള്ള അനിൽ കെ ആന്റണിയുടെ പ്രതികരണവും തുടർന്നുള്ള രാജിയുമുണ്ടാക്കിയ വിവാദത്തെ കുറിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം അടയ്ക്കാ മരമായാൽ എന്ത് ചെയ്യുമെന്ന് എം എം ഹസ്സൻ ചോദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വ്യക്തിപരവും നിർഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കി അനിൽ ആന്റണി രാജിവച്ചു . എന്നാൽ അനിൽ ആന്റണി ബിജെപിയിൽ പോകുമെന്ന് താൻ കരുതുന്നില്ലെന്നും എം എം ഹസ്സൻ പറഞ്ഞു.

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ അനിൽ ആൻറണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിബിസി ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിനെ ശശി തരൂരും തള്ളി. പ്രതികരിക്കാതെ ഒഴിഞ്ഞെങ്കിലും അനിൽ വിവാദം എകെ ആൻറണിയുടെ പ്രതിച്ഛായക്ക് പോലും മങ്ങലേൽപ്പിച്ചു.

ബിബിസി ഡോക്യുമെൻററി ഉയർത്തി ദേശീയ - സംസ്ഥാന തലത്തിൽ ബിജെപിയെ നേരിടുന്നതിനിടെയാണ് അനിൽ ആൻറണിയുടെ നിലപാട് കോൺഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയത്. അനിലിൻറെ ബിജെപി അനുകൂല ട്വീറ്റ് ദേശീയ തലത്തിൽ ചർച്ചയായതോടെ ആൻറണിയുടെ മകനാണെന്നൊന്നും നേതാക്കൾ നോക്കിയില്ല. ഇന്നലെ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് നേതാക്കൾ അനിലിനെതിരെ പരസ്യ നിലപാടെടുത്ത് രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വരെ തള്ളിപ്പറഞ്ഞിട്ടും അനിൽ നിലപാടിൽ ഉറച്ചു നിന്നതോടെ നേതാക്കൾ കൂടുതൽ അതൃപ്തിയോടെ രംഗത്ത് വന്നു. നടപടി കൂടിയേ തീരൂവെന്ന് നേതാക്കൾ നിലപാട് ശക്തമാക്കുന്നതിനിടെയാണ് എല്ലാ സ്ഥാനങ്ങളും അനിൽ ആന്റണി രാജിവെച്ചത്.

Read More : 'ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുലിനും കമ്പനിക്കുമില്ല'; കോൺഗ്രസിന്‍റെ ദുരവസ്ഥയെന്ന് സുരേന്ദ്രൻ

click me!