'ചർച്ച നടന്നത് മഴ പെയ്യാത്തതിനെക്കുറിച്ച്, അൽപം സംഘടനാ കാര്യവും ചർച്ച ചെയ്തു'; പരിഹാസവുമായി എംഎം ഹസൻ

By Web TeamFirst Published Jun 9, 2023, 9:06 PM IST
Highlights

പ്രശ്നങ്ങൾ ഹൈക്കമാന്റിനെ അറിയിക്കും. ഇക്കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് പറയേണ്ട കാര്യമില്ലെന്നും എംഎം ഹസൻ

തിരുവനന്തപുരം: കെപിസിസി ഓഫീസിൽ കെ സുധാകരനുമായി നടത്തിയ ചർച്ചയെക്കുറിച്ച് പരിഹാസ പ്രതികരണവുമായി എംഎം ഹസൻ. ചർച്ച നടന്നത് മഴ പെയ്യാത്തതിനെക്കുറിച്ചാണെന്നും അൽപം സംഘടനാ കാര്യവും ചർച്ച ചെയ്തെന്നും ഹസൻ പറഞ്ഞു. പ്രശ്നങ്ങൾ ഹൈക്കമാന്റിനെ അറിയിക്കും. ഇക്കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് പറയേണ്ട കാര്യമില്ലെന്നും എംഎം ഹസൻ വ്യക്തമാക്കി. എ ഐ ഗ്രൂപ്പ് നേതാക്കളെയാണ് കെ സുധാകരൻ ചർച്ചയ്ക്ക് വിളിച്ചത്. 

സംസ്ഥാന കോൺഗ്രസിലെ പോര് ഒഴിവാക്കാനുള്ള നീക്കത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തി. പാർട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ നേരിൽ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയത്. വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അക്കാര്യങ്ങൾ എന്താകുമെന്ന് നോക്കാം എന്നുമായിരുന്നു കെ സുധാകരനുമായുള്ള ചർച്ചക്ക് ശേഷം രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

എന്നാൽ എ ഗ്രൂപ്പ് നീക്കത്തിൽ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത് വന്നു. ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻ ചാണ്ടിയെ വലിച്ചിഴയ്ക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്. രോഗാവസ്ഥയിൽ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന് തിരുവഞ്ചൂർ വിമർശിച്ചു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ പൊതുസ്വത്താണെന്നും എ ഗ്രൂപ്പിനെതിരായ വിമർശനത്തിൽ കുറ്റപ്പെടുത്തി.

'ചെറിയ ചെറിയ കാറ്റ്, എല്ലാം പറഞ്ഞു തീർക്കും': ഗ്രൂപ്പുകളുടെ വിമർശനത്തിൽ കെ സുധാകരൻ

'കെപിസിസി പ്രസിഡന്റ് വിളിച്ചപ്പോ വന്നു, വിളിച്ചാൽ വരണ്ടേ? പരിഹാരമുണ്ടാകുമോ എന്ന് നോക്കാം'; രമേശ് ചെന്നിത്തല

പോരൊഴിവാക്കാൻ അനുനയം: കെപിസിസി ഓഫീസിൽ കെ സുധാകരൻ - ചെന്നിത്തല കൂടിക്കാഴ്ച

'മഴ പെയ്യാത്തതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ച, പിന്നെ അൽപം സംഘടനാവിഷയങ്ങളും'

click me!