
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. ഇവരുടെ തുടര്‍ പരിചണം ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ കോളേജ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്.
ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമൊക്കെ നല്‍കി വരുന്നത്. ജീവനക്കാരുടെ മാതൃകാപരമായ ഈ പ്രവര്‍ത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേസമയം, ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വീണ ജോര്‍ജ് പ്രശ്‌നത്തിലിടപെട്ടത്. മന്ത്രി വീണ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും യോഗം ചേര്‍ന്ന് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹോമുകളില്‍ ചികിത്സ പൂര്‍ത്തിയാക്കിവരുടെ പുനരധിവാസം ഉറപ്പാക്കി വരുന്നു. അതിന്റെ ഭാഗമായാണ് എട്ട് പേരെ ശ്രീകാര്യത്തെ ഹോം ഏറ്റെടുത്തത്. ഈ വര്‍ഷം ഇതുവരെ 17 രോഗികളെയാണ് പുനരധിവസിപ്പിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, ആര്‍എംഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. മിതമായ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗീസൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നതാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി കോഴിക്കോട് ആശുപത്രി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam