KSEB : എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ ചുമത്തിയ നടപടി; മര്യാദയില്ലാത്ത നടപടിയെന്ന് എം എം മണി

Published : Apr 21, 2022, 12:34 PM ISTUpdated : Apr 21, 2022, 03:02 PM IST
KSEB : എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ ചുമത്തിയ നടപടി; മര്യാദയില്ലാത്ത നടപടിയെന്ന് എം എം മണി

Synopsis

താൻ മന്ത്രിയും ചെയർമാനുമായിരുന്ന സമയത്ത് ബോർഡും സർക്കാരും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നു. ആ വാഹനം തന്റെ ഇഷ്ടപ്രകാരമാണ് ഉപയോഗിച്ചിരുന്നത്. അതിനും പിഴ ചുമത്തുമോ എന്ന് എം എം മണി ചോദിച്ചു.

ഇടുക്കി: കെഎസ്ഇബി  (KSEB) ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും അച്ചടക്കനടപടി സ്വീകരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എം എം മണി (M M Mani). എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയാണെന്ന് എം എം മണി വിമര്‍ശിച്ചു. സംഘടനാ നേതാവ് ആയതുകൊണ്ട് ചെയർമാന്‍ മനപ്പൂർവ്വം ഓരോരോ ഏർപ്പാട് ഉണ്ടാക്കുകയാണ്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന വാഹനം മന്ത്രിയും ചെയർമാനും എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് അന്വേഷിച്ചിട്ടുണ്ടോ എന്നും എം എം മണി ചോദിച്ചു. തനിക്ക് വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും എം എം മണി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താൻ മന്ത്രിയും ചെയർമാനുമായിരുന്ന സമയത്ത് ബോർഡും സർക്കാരും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നു. ആ വാഹനം തന്റെ ഇഷ്ടപ്രകാരമാണ് ഉപയോഗിച്ചിരുന്നത്. അതിനും പിഴ ചുമത്തുമോ എന്നും എം എം മണി ചോദിച്ചു.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാര്‍, ആറ് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ്റി അറുപത് രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ നോട്ടീസ് നല്‍കിയതിനെയാണ് എം എം മണി വിമര്‍ശിച്ചത്. പ്രസിഡന്‍റ് എം ജി സുരേഷ് കുമാര്‍ 21 ദിവസത്തിനകം 6,72,560 രൂപ ബോര്‍ഡിലടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വൈദ്യുതി മന്ത്രിയുടെ സ്റ്റാഫായി പ്രവര്‍ത്തിച്ചപ്പോള്‍, കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണ് നടപടി. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും, വ്യക്തിഹത്യയാണ് ചെയര്‍മാന്‍റെ ലക്ഷ്യമെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

മുന്‍ മന്ത്രി എം എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ കെഎസ്ഇബിയുടെ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 12 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനാന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍റെ നോട്ടീസ്. കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിലേക്ക് നിരവധി തവണ പോയതുള്‍പ്പെടെ 48640 കി.മി ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ധനച്ചെലവും, പിഴയുമടക്കമാണ് 6,72,560 രൂപ അടക്കാന്‍ നിര്‍ദ്ദേശമുള്ളത്. ആക്ഷേപം തെറ്റാണെന്ന് തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 12 ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈടാക്കും. മന്ത്രിയുടെ സ്റ്റാഫില്‍ പ്രവര്‍ത്തിക്കവേ, വാഹനം ദുപയോഗം ചെയ്തോയെന്ന് പരിശോധിക്കേണ്ടത് മന്ത്രിയുടെ ഓഫീസാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡിലെ സ്വാഭാവിക നടപടിയും ആഭ്യന്തര കാര്യവുമായതിനാല്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ബോര്‍ഡിലെ അച്ചടക്ക നടപടികള്‍, ചട്ടം പാലിച്ചും, മുന്‍വിധിയില്ലാതെയും, പ്രതികാര നടപടിയില്ലാതെയും, ഒരഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വൈദ്യുതി മന്ത്രി ഇന്നലെ വിളിച്ച യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു, ഓഫീസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളഞ്ഞ ഏപ്രില്‍ 19 തീയതി വച്ചാണ് സുരേഷ് കുമാറിന് പിഴയടക്കാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഘടന നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന ചെയര്‍മാന്‍റെ കര്‍ശന നിലപാടിന്‍റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം