മുന്‍ കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാർ അന്തരിച്ചു; അനുശോചിച്ച് രാഷ്ട്രീയ-സാംസ്കാരിക കേരളം

Web Desk   | Asianet News
Published : May 28, 2020, 11:23 PM ISTUpdated : May 29, 2020, 06:19 AM IST
മുന്‍ കേന്ദ്രമന്ത്രി എം പി വീരേന്ദ്രകുമാർ അന്തരിച്ചു; അനുശോചിച്ച് രാഷ്ട്രീയ-സാംസ്കാരിക കേരളം

Synopsis

83 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച ശേഷം കൽപ്പറ്റയിലേക്ക് കൊണ്ടുപോകും.

കോഴിക്കോട്:  മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.83 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ച ശേഷം ഇന്ന് രാവിലെ 11 മണിയോടെ കൽപ്പറ്റയിലേക്ക് കൊണ്ടുപോകും. സ്വദേശമായ കൽപ്പറ്റയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

രാഷ്ട്രീയ നേതാവും മികച്ച  പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരും  ഒക്കെയായി രാഷ്ട്രീയ സാമൂഹിക സാസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് വീരേന്ദ്രകുമാറിന്‍റെ വിയോഗത്തോടെ നഷ്ടമാകുന്നത്. രണ്ടുതവണ  കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്‍റിലെത്തി. ധനം, തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987-ൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവച്ചു. 

(കടപ്പാട്: മാതൃഭൂമി)

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിൽ വലിയ പങ്കു വഹിച്ച രാഷ്ട്രീയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. എൽഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കൺവീനറായിരുന്നു.   അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 

Read more at: വയനാട്ടിലെ ഒരു ജന്മി കുടുംബത്തിൽ പിറന്ന എം പി വീരേന്ദ്രകുമാർ എങ്ങനെ സോഷ്യലിസ്റ്റായി?

മദിരാശി നിയമസഭാം​ഗവും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ​ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടി. 

തുടര്‍ന്ന് വായിക്കാം:ഒടുവില്‍ പങ്കെടുത്തത് മുഖ്യമന്ത്രി വിളിച്ച വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍

കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്. 

തുടർന്ന് വായിക്കാം: 'കേരളം കണ്ട അതുല്യ വ്യക്തത്വം'; എംപി വിരേന്ദ്രകുമാറിന്‍റെ മരണത്തില്‍ അനുശോചിച്ച് നേതാക്കള്‍

സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, സ്മൃതിചിത്രങ്ങള്‍, എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവില്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ.

തുടര്‍ന്ന് വായിക്കാം: രാഷ്ട്രീയത്തിനൊപ്പം നടന്ന സൈദ്ധാന്തികന്‍; പൊതുപ്രവര്‍ത്തകനായി വീരേന്ദ്രകുമാര്‍ താണ്ടിയ വഴിത്താരക

പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22- ന് വയനാട്ടിലെ കൽപ്പറ്റയിലാണ് അദ്ദേഹം ജനിച്ചത്. ഭാര്യ: ഉഷ, മക്കൾ, ആഷ, നിഷ, ജയലക്ഷ്മി, എം വി ശ്രേയാംസ് കുമാർ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി