എം പി വീരേന്ദ്രകുമാറിന്റെ എഴുത്തിന്റെ രാഷ്‍ട്രീയം, രാഷ്‍ട്രീയം പറയുന്ന എഴുത്തുകള്‍

Web Desk   | Asianet News
Published : May 29, 2020, 12:38 AM ISTUpdated : May 29, 2020, 08:26 AM IST
എം പി വീരേന്ദ്രകുമാറിന്റെ എഴുത്തിന്റെ രാഷ്‍ട്രീയം, രാഷ്‍ട്രീയം പറയുന്ന എഴുത്തുകള്‍

Synopsis

രാഷ്‍ട്രീയക്കാരൻ എന്നതുപോലെ തന്നെ  എഴുത്തുകാരനായും പെരുമയുടെ മേല്‍വിലാസമുണ്ടായിരുന്ന നേതാവാണ് വിടവാങ്ങിയിരിക്കുന്നത്.

എഴുത്തുമാണ് രാഷ്‍ട്രീയം. അങ്ങനെയൊരു തത്വശാസ്‍ത്രത്തില്‍ ജീവിച്ച രാഷ്‍ട്രീയക്കാരനായിരുന്നു എം പി വീരേന്ദ്രകുമാര്‍. രാഷ്‍ട്രീയക്കാരനായിട്ടുമാത്രമല്ല എം പി വീരേന്ദ്രകുമാര്‍ ജീവിതം തീര്‍ത്തത്. പത്തമ്പത് കൊല്ലക്കാലത്തെ രാഷ്‍ട്രീയക്കാരില്‍ എഴുത്തുകാരനെന്ന മേല്‍വിലാസമായിരിക്കും എം പി വീരേന്ദ്രകുമാറിന് പെരുമയുണ്ടാക്കിയിട്ടുണ്ടാകുക. മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമിയുടെ നേതൃപദവിക്കാരൻ എഴുത്തുകാരനുമാകാതെ വകയില്ലല്ലോ. എം പി വീരേന്ദ്രകുമാറിന്റെ ആലോചനകളില്‍ ഉരുത്തിരിഞ്ഞ് എഴുത്തായി മാറിയവയ്‍ക്ക് സാഹിത്യലോകവും അതിനൊത്ത അംഗീകാരം നല്‍കിയിട്ടുമുണ്ട്.

: എംടിക്കൊപ്പം

ഹൈമവത ഭൂവിലാണ് എം പി വീരേന്ദ്രകുമാറിന്റേതായി അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പുസ്തകം. 2007ല്‍. 2010ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍‌ഡിന്റെ പെരുമയടക്കം ഹൈമവത ഭൂവില്‍ സ്വന്തമാക്കി. മാതൃഭൂമി പ്രസിദ്ധീകരിച്ച ഹൈമവത ഭൂവില്‍ അമ്പതിലധികം പതിപ്പുകള്‍ ഇറങ്ങിയിരുന്നു. ഹിമാലയ ഭൂമിയുടെ ആത്മാവ് തൊട്ട യാത്രാവിവരണമായിരുന്നു പുസ്‍തകം.  ഹൈമവത ഭൂവില്‍ എന്ന പുസ്‍കത്തിന്  2008ൽ  വയലാർ അവാർഡ്, 2009ൽ ബാലാമണി അമ്മ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. അവാര്‍ഡുകളുടെ എണ്ണത്തില്‍ അല്ല അദ്ദേഹത്തിന്റെ ആഴത്തിലുള്ള ചിന്തകളുടെ പ്രസരണങ്ങളാകും എം പി വിരേന്ദ്ര കുമാര്‍ വിടപറയുമ്പോഴും വായനക്കാരുടെ മനസുകളില്‍ തെളിയുക.  

: ടി പദ്മനാഭനൊപ്പം

അമസോണും കുറേ വ്യാകുലതകളും എന്ന പുസ്‍തകവും യാത്രാവിവരണമായിരുന്നു. 2002ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും പുസ്‍തകത്തിന് ലഭിച്ചിരുന്നു. യാത്രാ വിവരണത്തില്‍ മാത്രം ഒതുങ്ങിയതല്ല വീരേന്ദ്രകുമാറിന്റെ പേന. മലയാള സാഹിത്യകാരൻമാരെ കുറിച്ചും കൃതികളെ കുറിച്ചും ആഴത്തില്‍ അറിവുപകരാനും അദ്ദേഹം ശ്രമിച്ചിരുന്നു. ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം    എന്ന പുസ്‍തകം അത്തരത്തിലൊന്നാണ്. ചങ്ങമ്പുഴ കൃഷ്‍ണപിള്ളയുടെ കലയും ജീവിതവും അപഗ്രഥിക്കുന്ന പഠനമാണ് ഇത്. കെ ബാലകൃഷ്‍ണക്കുറുപ്പ്, പൊന്‍കുന്നം വര്‍ക്കി, ഡി സി. കിഴക്കേമുറി, ഉണ്ണികൃഷ്‍ണന്‍ പുതൂര്‍ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്‍തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഗുജറാത്തിലെ കാഴ്‍ചകളാണ് രോഷത്തിന്റെ വിത്തുകള്‍ എന്ന പുസ്‍തകത്തിലെ പ്രധാന ലേഖനം. ഗുജറാത്തിന്റെ പോക്ക് എങ്ങോട്ട്, കേരളത്തില്‍ കുടിനീര്‍ വില്‍പനച്ചരക്കാവുമ്പോള്‍, അമേരിക്കന്‍ വയലുകളില്‍ വളരുന്ന രോഷം ഭീകരവാദം വളര്‍ത്തിയതും വിലയ്‌ക്കെടുത്തതും, പത്രമാധ്യമങ്ങളും വിദേശമൂലധനവും പ്രത്യാശകളും ആശങ്കകളും, അറിവും തിരിച്ചറിവും വിവരവിപ്ലവത്തിന്റെ കാണാപ്പുറങ്ങള്‍ തുടങ്ങിയ ലേഖനങ്ങളാണ് പുസ്‍തകത്തിലുള്ളത്.

: മഹാശ്വേതാദേവിക്കൊപ്പം

ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും പുസ്‍തകമിറങ്ങിയ കാലത്ത് വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. പി എ വാസുദേവനുമായി ചേര്‍ന്നാണ് എം പി വിരേന്ദ്രകുമാര്‍ ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും എന്ന പുസ്‍തകം രചിച്ചത്. ബഹുരാഷ്ട്രകുത്തകകള്‍ നടത്തുന്ന അധിനിവേശത്തിന്റെ വിവിധ വശങ്ങള്‍  ആഴത്തില്‍ പ്രതിപാദിക്കുന്ന കൃതിയാണ് ഇത്. ബഹുരാഷ്‍ട്ര കുത്തകകളുടെ കാര്‍ഷികമേഖലയിലെ കടന്നുകയറ്റത്തിനാണ് പുസ്‍തകത്തില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. ഗാട്ട് നിയമത്തിനെതിരെയുള്ള ചിന്തകള്‍ പങ്കുവയ്‍ക്കുന്നതായിരുന്നു ഗാട്ടും കാണാച്ചരടുകളും എന്ന പുസ്‍തകം. മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന വര്‍ത്തമാനകാല ജീവിതത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ എന്ന പുസ്‍തകത്തില്‍ പറഞ്ഞത്. ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിന് എതിരെയായിരുന്നു എം പി വിരേന്ദ്രകുമാര്‍ പുസ്‍തകത്തിലൂടെ പ്രതികരിച്ചത്.

സാഹിത്യമേഖലയില്‍ മാത്രമല്ല സമൂഹത്തിന്റെ എല്ലായിടങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചവരെ അംഗീകരിക്കാനും എം പി വിരേന്ദ്രകുമാര്‍ തന്റെ എഴുത്തുകളിലൂടെ ശ്രമിച്ചിരുന്നു. ശാസ്‍ത്രം, സാഹിത്യം, ദര്‍ശനം, ചരിത്രം, കല തുടങ്ങി വ്യത്യസ്‍ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള പഠനപരമായ ചിന്തകളാണ് പ്രതിഭയുടെ വേരുകൾ തേടി എന്ന പുസ്‍തകത്തിലുള്ളത്. പിണറായി വിജയനുമൊത്തുള്ള സൌഹൃദത്തിന്റെയും പോരാട്ടത്തിന്റെയും അനുഭവങ്ങള്‍ ആണ് ഏറ്റവും ഒടുവില്‍ അദ്ദേഹം മാതൃഭൂമി പത്രത്തില്‍ പങ്കുവെച്ചത്.  ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള ഓര്‍മ്മകളും അതിതീവ്രതയോടെ പങ്കുവയ്‍ക്കാറുള്ള പതിവും എം പി വീരേന്ദ്രകുമാറിന് ഉണ്ട്. മാതൃഭൂമിയില്‍ ഒപ്പം പ്രവര്‍ത്തിച്ച സുധാകരൻ വിടപറഞ്ഞപ്പോള്‍ എഴുതിയ ലേഖനം അത്തരത്തിലുള്ള ഒന്നാണ്. കേവലം ഓര്‍മ്മക്കുറിപ്പുകളല്ല ഓരോ ജീവിതവും അര്‍ഹിക്കുന്ന അംഗീകാരത്തോടെ അടയാളപ്പെടുത്താനുള്ള തുറന്ന മനസ്സുമായിരുന്നു എം പി വീരേന്ദ്രകുമാറിന്.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K