ശിവശങ്കർ ഐസിയുവിൽ തുടരുന്നു; മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം തുടർചികിത്സ തീരുമാനിക്കും

By Web TeamFirst Published Oct 18, 2020, 6:19 AM IST
Highlights

നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. 

തിരുവനന്തപുരം: എം ശിവശങ്കർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐസിയുവിൽ തുടരുന്നു. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക.  

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോ‍ർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്. നിലവിൽ ശിവശങ്കർ ഐസിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.

വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായകവിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല. 

സ്വർണ്ണക്കടത്ത് കേസിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് നാടകീയനീക്കങ്ങളുണ്ടായത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്‍റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്‍റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്‍റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആ‌ർഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശിവശങ്കറിന്‍റെ ഭാര്യ ഡോക്ടറാണ്. അവർ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും കസ്റ്റംസ് അവിടെ തുടർന്നത് ഉദ്വേഗം കൂട്ടി. ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നും ആൻജിയോഗ്രാം ചെയ്യണമെന്നും ഡോക്ടർമാർ അറിയിച്ചതോടെ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങി. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്‍റെ തുടർനീക്കം.

click me!