Latest Videos

കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു, 90 മണിക്കൂർ ചോദ്യം ചെയ്തെന്നും ശിവശങ്കർ

By Web TeamFirst Published Oct 19, 2020, 11:59 AM IST
Highlights

മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എല്ലാവർക്കും അവരവരുടെ കാര്യം അടിയന്തിര പ്രാധാന്യമുള്ളതാണെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി

തിരുവനന്തപുരം: വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തന്നെ അന്വേഷണ സംഘം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ 90 മണിക്കൂറോളം ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എല്ലാവർക്കും അവരവരുടെ കാര്യം അടിയന്തിര പ്രാധാന്യമുള്ളതാണെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ഇന്ന് തന്നെ പരിഗണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. അത്യാവശ്യമായി ഹർജി കേൾക്കണം എന്ന് അഭിഭാഷകൻ വീണ്ടും പറഞ്ഞതോടെ നിലപാട് കോടതി മയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഇന്ന് രാവിലെ ഡോക്ടർമാരുടെ വിലയിരുത്തൽ. രക്തസമ്മർദ്ദം, ഇസിജി ഇവ സാധാരണ നിലയിലാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേരും.

നടുവേദനയ്ക്ക് വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്ര പരിചണവിഭാഗത്തിൽ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിൻറെ നീക്കവും.

click me!