
പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദർശനം നടത്തിയതെന്നും സ്വരാജ് വിമർശിച്ചു. മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മനുഷ്യനെന്ന പദത്തിന് അർഹനല്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പറഞ്ഞു.
കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തിൽ മാധ്യമങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ വിമർശിച്ചത് സ്വാഗതാർഹമാണ്. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നിലപാടിനെതിരെ ദില്ലിയിൽ സംസ്ഥാന സർക്കാർ സമരം നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നിൽ നിന്ന് കുത്തിയെന്നും സ്വരാജ് വിമർശിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam