'ജോ ജോസഫിന്റെ അപരനെ കോൺ​ഗ്രസ് വയനാട്ടിൽ നിന്നിറക്കുന്നു'; ആരോപണവുമായി സ്വരാജ്

Published : May 10, 2022, 10:29 PM ISTUpdated : May 10, 2022, 10:30 PM IST
'ജോ ജോസഫിന്റെ അപരനെ കോൺ​ഗ്രസ് വയനാട്ടിൽ നിന്നിറക്കുന്നു'; ആരോപണവുമായി സ്വരാജ്

Synopsis

ജോ ജോസഫിന്റെ പേരിൽ ഒരാളെ വയാനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നും കോൺഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി  അറിയിച്ചെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakkara Bye election) എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ (Jo Joseph) കോൺ​ഗ്രസ് അപരനെ രം​ഗത്തിറക്കാൻ ശ്രമിക്കുന്നെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേപേരുള്ള അപരനെ തേടി കോൺ​ഗ്രസ് തെക്കുവടക്ക് അലയുകയായിരുന്നെന്നും അതേ പേരിൽ ഒരാളെ വയാനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നും കോൺഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി  അറിയിച്ചെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. വയനാട്ടിൽ ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെയാണ് കോൺ​ഗ്രസ് വലവീശി പിടിച്ചിരിക്കുന്നതെന്നും അദ്ദേ​ഹം ആരോപിച്ചു. അപരനെ നിർത്തി വോട്ടർമാരെ പറ്റിയ്ക്കാനാണ്  കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. 

''കുടിലതയുടെ കോൺഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിർത്തട്ടെ. വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എൽ ഡി എഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും''- സ്വരാജ് പറയുന്നു. 

എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


 ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്.....
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയിരിക്കുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോൺഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. 
കോൺഗ്രസിൽ തന്നെ ഒരു വിഭാഗം  വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.  
രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേർന്ന് നടക്കാൻ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. 
യു ഡി എഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോൾ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോൺഗ്രസിലെ അണിയറ നീക്കമത്രെ. 
ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോൺഗ്രസ് നേതാക്കാൻമാർക്ക്  ഏതാണ്ട് അതേ പേരിൽ ഒരാളെ വയാനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നാണ് കോൺഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി ഇപ്പോൾ പറഞ്ഞത് . വയനാട്ടിൽ 
ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത്.! 
അതെ, 
അപരനെ നിർത്തി വോട്ടർമാരെ പറ്റിയ്ക്കാനാണ് പരിപാടി. 
അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തിൽ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. 
തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്. 
കുടിലതയുടെ കോൺഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിർത്തട്ടെ..
വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എൽ ഡി എഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. 
അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. 
രാഷ്ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. 
തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും തീർച്ച.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K